കൊച്ചി: സിപിഎം- സിപിഐ അതൃപ്തി രൂക്ഷമാകുന്നതിനിടെ നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പ് വിളിച്ചുചേര്‍ത്ത യോഗം മാറ്റിവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗത്തില്‍ മില്ലുടമകള്‍ പങ്കെടുത്തില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി മടങ്ങുകയായിരുന്നു. എറണാകുളം ഗസ്റ്റ്ഹൗസില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മന്ത്രിമാരായ ജിആര്‍ അനില്‍, പി പ്രസാദ്, കെഎന്‍ ബാലഗോപാല്‍, കെ കൃഷ്ണന്‍കുട്ടി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ എത്തിയിരുന്നു.
രാവിലെ ഒന്‍പത് മണിക്ക് യോഗത്തിനെത്തിയ മുഖ്യമന്ത്രി മില്ലുടമകള്‍ എത്തിയില്ലേയെന്ന് ചോദിച്ചപ്പോള്‍ ഉദ്യാഗസ്ഥരെ മാത്രമേ ക്ഷണിച്ചുള്ളുവെന്ന് അറിയിച്ചപ്പോള്‍ അതില്‍ ക്ഷുഭിതനായി ഇറങ്ങിപ്പോകുകയായിരുന്നു. നേരത്തെ ഓണ്‍ലൈനായി വിളിച്ച യോഗം മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതനുസരിച്ചാണ് ഓഫ്‌ലൈനായി ചേരാന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്. ഉദ്യോഗസ്ഥര്‍ മാത്രമാണ് യോഗത്തിലുണ്ടാകുകയെന്ന കാര്യം മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചിരുന്നെന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും മുഖ്യമന്ത്രി അത് കേള്‍ക്കാന്‍ തയ്യാറായില്ല. പോകുന്ന വഴിക്ക് നാളെ തിരുവനന്തപുരത്ത് യോഗം ചേരാമെന്ന് മുഖ്യമന്ത്രി പറയുകയുമായിരുന്നു. നാളെ മന്ത്രിസഭാ യോഗത്തിന് ശേഷമായിരിക്കും ഭക്ഷ്യവകുപ്പിന്റെ യോഗം ചേരുക. എന്നാല്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ ഈ യോഗം നടക്കുമോയെന്ന കാര്യം ഉറപ്പില്ല.
![]()
![]()

















