തിരുവനന്തപുരം: സാമ്പത്തികവും സാമൂഹികവുമായി ഉയര്‍ന്ന നിലയില്‍ കഴിയാവുന്ന ജീവിത സാഹചര്യങ്ങളുണ്ടായിട്ടും അവ വേണ്ടെന്നുവച്ച് ജനസേവനത്തിനായി പ്രക്ഷുബ്ദമായ വഴികള്‍ തെരഞ്ഞെടുത്തവരാണ് ഗൗരിയമ്മയും അരുണാ റോയിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുവരുടെയും ജീവിതങ്ങള്‍ തമ്മില്‍ ഇത്തരത്തില്‍ സമാനതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെആര്‍ ഗൗരിയമ്മ ഫൗണ്ടേഷന്റെ ഗൗരിയമ്മ പുരസ്‌കാരം സാമൂഹിക പ്രവര്‍ത്തകയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്റെ സ്ഥാപകയുമായ അരുണാറോയിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇടയ്ക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്ന് പടിയിറങ്ങിപ്പോയത് നിര്‍ഭാഗ്യകരമായിരുന്നു. ആ രാഷ്ട്രീയ മാറ്റം ഗൗരിയമ്മയെ സ്‌നേഹിച്ചവരെ വേദനിപ്പിച്ചു. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ അവരെ കര്‍ക്കശക്കാരിയായി കാണാന്‍ പ്രേരിപ്പിച്ചു. പക്ഷേ നാടിന്റെ ക്ഷേമത്തിന്റെ കാര്യത്തിലായിരുന്നു ആ വിട്ടുവീഴ്ചയില്ലായ്മ. സ്ത്രീകള്‍ക്ക് സ്വന്തം മുഖവും വ്യക്തിത്വവുമുണ്ടെന്ന് പൊരുതി തെളിയിച്ച സ്ത്രീയായിരുന്നു ഗൗരിയമ്മയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം മുഖ്യമന്ത്രി അരുണാറോയിക്ക് കൈമാറി. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, രമേശ് ചെന്നിത്തല തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
![]()
![]()

















