പിങ്ക് പോലീസിനെതിരേ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Nov 19, 2021

ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളെന്ന് ആരോപിച്ച് അധിക്ഷേപിച്ച സംഭവത്തില്‍ പിങ്ക് പോലീസിനെതിരേ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സംഭവത്തില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥക്കെതിരേ എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി പോലീസിനോട് ചോദിച്ചു. ഇത് ലളിതമായി കണ്ടൊഴിവാക്കാന്‍ കഴിയുന്ന കുറ്റമല്ലെന്നും ഉദ്യോഗസ്ഥക്കെതിരേ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു. പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ പരസ്യവിചാരണയ്ക്കിരയായ എട്ടുവയസ്സുകാരി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ആറ്റിങ്ങല്‍ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രന്റെ മകള്‍ നല്‍കിയ ഹര്‍ജി അതീവഗൗരവത്തോടെയാണ് കോടതി പരിഗണിച്ചത്. ചെറിയ കുട്ടിയെ കള്ളിയെന്ന് വിളിച്ച് പരസ്യമായി അപമാനിച്ചത് കുട്ടിയുടെ മാനസികനിലയെതന്നെ ബാധിക്കുന്ന കാര്യമാണെന്ന് കോടതി വിലയിരുത്തി. കുട്ടിക്ക് കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള മറ്റെന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നും കോടതി ആരാഞ്ഞു. എന്നാല്‍ കൗണ്‍സിലിങ് നല്‍കിയിട്ടുണ്ടെന്നും തത്കാലം മറ്റ് സഹായങ്ങള്‍ വേണ്ടെന്നും പെണ്‍കുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് പിങ്ക് പോലീസ് ഉദ്യോഗസ്ഥക്കെതിരേ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. കേസ് ഇനി നവബംര്‍ 22-ന് വീണ്ടും പരിഗണിക്കും.

ഓഗസ്റ്റ് 27-നാണ് പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ സി.പി. രജിത ജയചന്ദ്രനെയും മകളെയും മൊബൈല്‍ മോഷ്ടാക്കളെന്ന് ആരോപിച്ച് പരസ്യമായി വിചാരണചെയ്തത്. സംഭവം ഏറെ വിവാദമായതോടെ രജിതയെ കൊല്ലത്തേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാല്‍ ഈ നടപടിയില്‍ സംതൃപ്തരല്ലെന്നും രജിതക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ജയചന്ദ്രന്റെ മകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

LATEST NEWS
കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ...