പിരപ്പമൺകാട് പാടശേഖരം കഴിഞ്ഞ മൂന്നുകൊല്ലക്കാലം കൊണ്ട് കാർഷിക മുന്നേറ്റത്താലും കാർഷികാനുബന്ധ സാംസ്കാരിക പ്രവർത്തനങ്ങളാലും ദൃശ്യഭംഗിയാലും ആയിരക്കണക്കിന് ആളുകളെ ആകർഷിക്കുന്ന ഇടമായി മാറി. എന്നാൽ പാടശേഖരത്തിന് കുറുകെയുള്ള റോഡിൽ വഴിവിളക്കുകൾ ഇല്ല എന്നത് വലിയ പോരായ്മയായി നിലനിൽക്കുകയായിരുന്നു.
അതുകൊണ്ടുതന്നെ വയൽ കാഴ്ചകൾ കാണാൻ എത്തുന്നവർക്ക് സന്ധ്യ മയങ്ങുന്നതിനു മുൻപ് മടങ്ങി പോകേണ്ടി വരുമായിരുന്നു. മാത്രമല്ല രാത്രികാലങ്ങളിൽ ഇവിടെ സാമൂഹ്യവിരുദ്ധരുടെ ശല്യവും വർധിച്ചുവരുന്നുണ്ടായിരുന്നു. അനേക വർഷങ്ങളായി വഴിവിളക്ക് എന്ന ആവശ്യം തുടർച്ചയായി അവഗണിക്കപ്പെട്ട് വരികയായിരുന്നു.
പിരപ്പമൺകാട് പാടശേഖരസമിതിയും സൗഹൃദ സംഘവും ഈ വിഷയത്തിന്റെ ഗൗരവം
വി ശശി എംഎൽഎയുടെ ശ്രദ്ധയിൽപെടുത്തുകയും, അദ്ദേഹം ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം കണ്ടെത്തുകയും ചെയ്തു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ച്, ഇവിടുത്തെ ടൂറിസം സാധ്യതകൾക്ക് ഇണങ്ങും വിധം, മണ്ണിനടിയിലൂടെയുള്ള കേബിൾ സംവിധാനത്തിൽ , മാനവീയം വീഥിയിലെ വിളക്കുകളുടെ മാതൃകയിലുള്ള വഴിവിളക്കുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത് .
നാടിനാകെ ആവേശം പകർന്നുകൊണ്ട് ഈ വഴിവിളക്കുകളുടെ ഉദ്ഘാടനം വി ശശി എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ഷൈനി സ്വാഗതം പറയുകയും , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദുരാജ് ആശംസകൾ അർപ്പിക്കുകയും പാടശേഖരസമിതി സെക്രട്ടറി അൻഫർ നന്ദി പറയുകയും ചെയ്തു.



















