ഡല്‍ഹി: ദുബായ്-ടെല്‍ അവീവ് ഫ്‌ളൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹപൈലറ്റിനെ ചെറുത്തുതോല്‍പ്പിച്ച് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ ‘ഹീറോ’ ആണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ രാജ്യം അഭിമാനിക്കുന്നുവെന്ന് എക്‌സില്‍ കുറിച്ചു.

‘ഏറ്റവും ഗുരുതരമായ അപകടസാഹചര്യത്തിലും, ഗുരുതര പരിക്കേറ്റിട്ടും അദ്ദേഹം അസാമാന്യ ധൈര്യവും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനുള്ള ഉറച്ച നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ഈ ധീരത നൂറുകണക്കിന് ജീവനുകള്‍ രക്ഷിക്കാനും വലിയ ദുരന്തം ഒഴിവാക്കാനും സഹായിച്ചു. ക്യാപ്റ്റന്‍ മച്ചാറിന്റെ പ്രവൃത്തിയില്‍ ഇന്ത്യ അഭിമാനിക്കുന്നു. അദ്ദേഹം പരിക്കില്‍ നിന്ന് അതിവേഗം മുക്തനാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു’ -പ്രധാനമന്ത്രി കുറിച്ചു.
വിമാനം അപകടത്തിലാക്കാന്‍ ശ്രമിച്ച സഹപൈലറ്റിന്റെ ആക്രമണത്തില്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് ഗുരുതര പരിക്കേറ്റിരുന്നു. എന്നാല്‍, പരിക്കുകള്‍ വകവെക്കാതെ കോക്പിറ്റില്‍ വെച്ച് സഹപൈലറ്റിനെ ചെറുത്തുതോല്‍പ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കോക്പിറ്റിന്റെ വാതില്‍ തുറന്ന നല്‍കിയതോടെ, യാത്രക്കാരെത്തി അക്രമിയെ കീഴടക്കുകയായിരുന്നു. നിലവില്‍ സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുന്ന മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഒമാന്‍ സ്വദേശിയായ സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ തടയുകയായിരുന്നു. സഹപൈലറ്റ് പൈലറ്റിനെ കുത്തുകയായിരുന്നു. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ല. പിന്നാലെ വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 180 ഇസ്രയേല്‍ യാത്രക്കാരും സുരക്ഷിതരാണ്.

ഇന്ത്യന്‍ പൗരനായ സ്മിത് മച്ചാറിന് വാണിജ്യ വിമാനങ്ങള്‍ പറത്തുന്നതില്‍ 13 വര്‍ഷത്തിലേറെ പരിചയസമ്പത്തുണ്ട്. മുന്‍പ് സ്പൈസ് ജെറ്റില്‍ 10 വര്‍ഷത്തോളം സീനിയര്‍ കമാന്‍ഡറായും ലൈന്‍ ട്രെയിനിങ് ക്യാപ്റ്റനായും സേവനമനുഷ്ഠിച്ച അദ്ദേഹം 2022 ജൂണിലാണ് ഫ്ളൈദുബായില്‍ ചേര്‍ന്നത്. ബോയിങ് 737 വിമാനങ്ങളില്‍ 9,750 മണിക്കൂറിലധികം വിമാന ഓപ്പറേഷന്‍ പരിചയം അദ്ദേഹത്തിനുണ്ട്.




















