കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ എത്തും. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യവിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് കമ്മിഷൻ ചെയ്യാൻ എത്തുന്ന മോദി വിവിധ പരിപാടികളിൽ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലും നെടുമ്പാശ്ശേരിയിലും കർശന ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച 9.30 മുതൽ കൊച്ചി കപ്പൽശാലയിലാണ് വിക്രാന്തിന്റെ കമ്മിഷൻ ചടങ്ങുകൾ. സിയാൽ കൺവെൻഷൻ സെന്‍ററിലാണ് സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. കൊച്ചി മെട്രോ പേട്ട എസ് എൻ ജംഗ്ഷൻ പാത ഉദ്ഘാടനം, ഇൻഫോ പാർക്ക് രണ്ടാം ഉദ്ഘാടനം, എറണാകുളം നോർത്ത് സൗത്ത് റെയിൽവെ സ്റ്റേഷൻ വികസനം അടക്കമുള്ള പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 9.30 ന് ആണ് കൊച്ചി ഷിപ്പയാർഡിൽ ഐഎൻ എസ് വിക്രാന്ത് ഒദ്യോഗികമായി സേനയ്ക്ക് കൈമാറുക. തുടർന്ന് നാവികസേന ആസ്ഥാനത്ത് നിന്ന് പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തും. പിന്നീട് പ്രധാനമന്ത്രി ബംഗളൂരുവിലേക്ക് തിരിക്കും.


















