കൊച്ചി: സ്കൂള്‍ വിദ്യാര്‍ഥിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മരട് സ്വദേശി സഫർഷാക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കൊലപാതകത്തിനും പോക്സോ നിയമപ്രകാരവുമാണ് ഇരട്ട ജീവപര്യന്തം തടവിന് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവിനുപുറമെ വിവിധ വകുപ്പുകളിലായി രണ്ടര ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുക എന്നീ കുറ്റങ്ങൾ തെളിഞ്ഞുവെന്നും കോടതി വ്യക്തമാക്കി.
സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ മലക്കപ്പാറയിൽ വെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് മോഷ്ടിച്ച വാഹനത്തിലാണ് പെൺകുട്ടിയെ സ്കൂളിലേക്ക് പോകും വഴി പ്രതി കടത്തികൊണ്ട് പോയത്. പെൺകുട്ടി സൗഹൃദത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും വൈകിട്ടു തിരികെ കൊണ്ടുവിടാമെന്നും പറഞ്ഞ് നിർബന്ധിച്ചാണ് ഇയാൾ കുട്ടിയെ വാഹനത്തില്‍ കയറ്റിയത്. യാത്രാമധ്യേ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെടുമ്പോള്‍ നാലര മാസം ഗര്‍ഭിണിയായിരുന്നു പെൺകുട്ടി. മൃതദേഹം കേരള-തമിഴ്നാട് അതിർത്തിയിലെ തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ചു.

വാൽപ്പാറയ്ക്കു സമീപത്തു വച്ചാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്യുന്നത്. സ്കൂളിലേക്ക് പോയ മകൾ മടങ്ങി വരാത്തതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളാണ് കൊച്ചി സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. സഫർഷാ മകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തിയെന്നും പിന്തുടർന്ന് ഉപദ്രവിച്ചിരുന്നതായും അച്ഛൻ പൊലീസിന് മൊഴി നൽകിയിരുന്നു.

















