തൃശ്ശൂര്‍: പ്രശസ്ത ബാലസാഹിത്യകാരന്‍ കെ വി രാമനാഥന്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അന്ത്യം സംഭവിച്ചത്. ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2014-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അദ്ഭുതവാനരന്മാര്‍, അദ്ഭുതനീരാളി, ആമയും മുയലും ഒരിക്കല്‍ക്കൂടി, കമാന്‍ഡര്‍ ഗോപി, മാന്ത്രികപ്പൂച്ച തുടങ്ങി ഇരുപതോളം ബാലസാഹിത്യകൃതികളുടെ രചയിതാവാണ്.
ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌കൂളില്‍ 36 വര്‍ഷം അധ്യാപകനായിരുന്നു. 1949-ല്‍ ദീനബന്ധു പത്രത്തില്‍ കഥയെഴുതിയാണ് അദ്ദേഹം സാഹിത്യരംഗത്തേക്കെത്തുന്നത്. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം, കൈരളി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റിന്റെ ഓണററി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

















