ബാലരാമപുരം റസ്സൽപുരത്ത് കിളിമാനൂർ സ്വദേശിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതികൾ പോലീസ് പിടിയിലായി. തേമ്പാമുട്ടം കുടജാദ്രിയിൽ ആഞ്ജനേയൻ (24), തേമ്പാമുട്ടം വലിയവിള വീട്ടിൽ വിഷ്ണു(24) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 10.30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിളിമാനൂർ വലിയമഠം വീട്ടിൽ വിഷ്ണു(23)വാണ് കുത്തേറ്റു മരിച്ചത്. ജില്ലാ പൊലീസ് മേധാവി ലൂക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി മണിക്കൂറുകൾക്കകമാണ് ഇവരെ പിടികൂടിയത്.
കത്തിക്കുത്തിനിടെയുണ്ടായ പരിക്കിനെ തുടർന്ന് സംഭവം നടന്നതിന് പിന്നാലെ തമിഴ്നാട് ഭാഗത്തേക്ക് കടന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ മുഖ്യപ്രതികൾ വീണ്ടും ബാലരാമപുരത്തേക്ക് എത്തുകയായിരുന്നു. പ്രതികൾ ബാലരാമപുരം, നരുവാമൂട് മേഖലയിലെ രഹസ്യ സങ്കേതത്തിലുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ചിന്റെ നിഗമനവും മുഖ്യപ്രതികളെ വലയിലാക്കാൻ സഹായകമായി.
ആഞ്ജനേയനെതിരെ നോർത്ത് പരവൂർ സ്റ്റേഷനിൽ കൊലപാതകശ്രമക്കേസും ബാലരാമപുരം സ്റ്റേഷനിൽ അടിപിടിക്കേസും കഞ്ചാവ് കേസുമുണ്ട്. കഞ്ചാവ് കൈവശം വച്ചതിന് വിഷ്ണുവിനെതിരെ ബാലരാമപുരം സ്റ്റേഷനിൽ കേസുണ്ട്. ഇവരുടെ കൂട്ടാളികളായ അജീഷ് (33), നിധീഷ് (25) എന്നിവരെ കഴിഞ്ഞ ദിവസം ബാലരാമപുരം പൊലീസ് അറസ്റ്റുചെയ്തിരുന്നു.
വണ്ടന്നൂരിൽ പ്രവർത്തിക്കുന്ന ടാർ മിക്സിങ് യൂണിറ്റിലെ ജീവനക്കാരനായിരുന്ന വിഷ്ണുവും സുഹൃത്ത് ശ്യാമും ബാലരാമപുരത്തുനിന്നു ജോലിസ്ഥലത്തേക്കു വരുമ്പോൾ റസ്സൽപുരം ഭാഗത്തുനിന്ന് ബൈക്കിൽ വന്ന പ്രതികളുമായി, വാഹനം ദിശമാറി ഓടിച്ചു കയറ്റിയതിനെച്ചൊല്ലി തർക്കമുണ്ടാകുകയും തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് പ്രതികളിലൊരാൾ വിഷ്ണുവിന്റെ നെഞ്ചത്ത് കുത്തുകയുമായിരുന്നു. കുത്തേറ്റു വീണ വിഷ്ണുവിനെ സുഹൃത്ത് ശ്യാം പിടിെച്ചഴുന്നേൽപ്പിക്കുന്നതിനിടെ പ്രതികൾ സ്ഥലത്തുനിന്നു കടന്നുകളയുകയായിരുന്നു.


















