തിരുവനന്തപുരം: കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പവർ ക്വിസ് 2025 (വിജ്ഞാനത്തിന്റെ 32-ാം വർഷം) സംസ്ഥാനതല ഫൈനൽ മത്സരം ബുധനാഴ്ച ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ആവേശകരമായി അരങ്ങേറി.
“പവറിങ് ദി പ്രോഗ്രസ്സ്” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സംഘടിപ്പിച്ച ഈ വിജ്ഞാനോത്സവം, രാജ്യത്തെ ഊർജ്ജമേഖലയിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും ശ്രദ്ധേയമായ ക്വിസ് മത്സരങ്ങളിലൊന്നായി മാറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹയർ സെക്കൻഡറി സ്കൂൾ, കോളേജ്, എഞ്ചിനീയറിങ് വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ, പ്രാഥമികവും ജില്ലാതലവും വിജയകരമായി പിന്നിട്ടവരാണ് ഫൈനൽ റൗണ്ടിൽ ഏറ്റുമുട്ടിയത്.
വൈദ്യുതി, ശാസ്ത്രം, സാങ്കേതികവിദ്യ, ചരിത്രം, സാമൂഹിക വിഷയങ്ങൾ, സമകാലിക സംഭവങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ചോദ്യങ്ങളിലൂടെ മത്സരാർത്ഥികളുടെ സമഗ്ര വിജ്ഞാനശേഷി മത്സരത്തിൽ സൂക്ഷ്മമായി വിലയിരുത്തപ്പെട്ടു. ഫൈനൽ മത്സരത്തിൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ സ്കൂളിനെ പ്രതിനിധീകരിച്ച നിള രാജുവും മിഥുൻ നായർ എം. ആറും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഇവർക്ക് സർ വിശ്വേശ്വരയ്യ ട്രോഫിയും ₹20,000 രൂപയുടെ ക്യാഷ് അവാർഡും സമ്മാനമായി നൽകി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിനെ പ്രതിനിധീകരിച്ച യദുനാഥ് ജി ആറും വിസ്മയ സി പിയും രണ്ടാം സ്ഥാനവും ഡോ. കെ.എൽ. റാവു ട്രോഫിയോടൊപ്പം ₹10,000 രൂപയും നേടി.
എറണാകുളം ജില്ലയിലെ, ആലുവ യൂ. സി കേളേജിനെ പ്രതിനിധീകരിച്ച അനുഗ്രഹ് വി കെ യും അനുപമ സി എം – ഉം താണു പത്മനാഭൻ മെമ്മോറിയൽ ട്രോഫിയും ₹5,000 രൂപയുടെ ക്യാഷ് അവാർഡും നേടി പൗൺസ് ചാമ്പ്യന്മാരായി.
തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ ആറ്റിങ്ങൽ ചെയർപേഴ്സൺ എം. പ്രദീപ് അധ്യക്ഷത വഹിച്ചു. ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി. ജയപ്രകാശൻ.പി പവർ ക്വിസ് അവലോകനം നടത്തി.
ഉഷ ടി.എസ് സ്വാഗതവും അനീഷ്.ഡി കൃതജ്ഞതയും രേഖപ്പെടുത്തി. മനോജ്.ഇ, ജവാദ്.എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. അവാർഡ് ദാനച്ചടങ്ങോടെ പവർ ക്വിസ് 2025 ഔപചാരികമായി സമാപിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഈ വിജ്ഞാനോത്സവം, വിദ്യാഭ്യാസ രംഗത്ത് വീണ്ടും ഒരു മാതൃകയായി മാറി. അറിവിലൂടെ പുരോഗതി സാധ്യമാണെന്ന സന്ദേശം ശക്തമായി ഉയർത്തിപ്പിടിച്ച പവർ ക്വിസ് മത്സരം, പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രചോദനമായി.

















