റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ദിവ്യക്കെതിരെ ഗുരുതര ആരോപണങ്ങള്‍

Oct 30, 2024

കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് പി പി ദിവ്യ എത്തിയത് കരുതിക്കൂട്ടിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കുറ്റവാസനയോടും ആസൂത്രണത്തോടെയുമാണ് ദിവ്യ എത്തിയത്. പ്രസംഗത്തിന്റെ വീഡിയോ എടുക്കാന്‍ ഏര്‍പ്പാടാക്കിയത് ദിവ്യയാണ്. കരുതിക്കൂട്ടി അപമാനിക്കുക ലക്ഷ്യമിട്ടാണ് എത്തിയത്. പ്രതിയുടെ കുറ്റവാസന വെളിവായി. നിയമവ്യവസ്ഥയുമായി സഹകരിക്കാതെ ഒളിവില്‍ കഴിഞ്ഞു. സാക്ഷികളെ ഭീഷണിപ്പെടുത്താനും പിന്തിരിപ്പിക്കാനും സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രത്യാഘാതം അറിയാമെന്നു ഭീഷണി സ്വരത്തിൽ ദിവ്യ പറഞ്ഞു. നവീൻ ബാബുവിനെ അപമാനിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു. ഇത് എഡിഎമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. പ്രതിയുടെ ക്രിമിനൽ മനോഭാവമാണ് വെളിവായത്. കുറ്റവാസനയോടും ആസൂത്രണ മനോഭാവത്തോടും കൂടി കുറ്റകൃത്യം നേരിട്ട് നടപ്പിൽ വരുത്തുകയായിരുന്നു.

ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കലക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. വേദിയിൽ ഇരിപ്പിടം മറ്റാരോ ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. ഉപഹാര വിതരണത്തിന് നിൽക്കാതിരുന്നത് ക്ഷണമില്ലാത്തതിന്‍റെ തെളിവാണ്. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് ഒരു പരാതിയും കിട്ടിയിട്ടില്ല എന്ന് കലക്ടറേറ്റിൽ ഇൻസ്പെക്ഷൻ സീനിയർ സൂപ്രണ്ട് മൊഴി നൽകിയിട്ടുണ്ട്. ദിവ്യക്കെതിരെ നേരത്തെ അഞ്ച് ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

LATEST NEWS