ബംഗലൂരു: വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണയെ കുടുക്കിയത് അമിതമായ ആത്മവിശ്വാസം. തന്റെ ഫാം ഹൗസില്‍ ഒളിപ്പിച്ച സാരിയാണ് കേസില്‍ പ്രജ്വലിനെ കുടുക്കുന്ന നിര്‍ണായ തെളിവായി മാറിയത്. പ്രജ്വലിനെ ശിക്ഷിക്കാന്‍ മതിയായ ഫോറന്‍സിക് തെളിവുകളാണ് സാരിയില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചത്.
വീട്ടുവേലക്കാരിയുടെ സാരി പ്രജ്വല്‍ രേവണ്ണ ബലപ്രയോഗത്തിലൂടെ അഴിച്ചെടുത്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സാരി നശിപ്പിക്കുന്നതിന് പകരം പക്ഷേ ഫാം ഹൗസിലെ ഗോഡൗണില്‍ ഒളിപ്പിക്കുകയാണ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി സാരി വീണ്ടെടുക്കാന്‍ ധൈര്യപ്പെടുമെന്ന് പ്രജ്വല്‍ ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ പണവും പ്രലോഭനങ്ങളും വാരിയെറിഞ്ഞ കേസില്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ സാരി വീണ്ടെടുത്തത് കേസില്‍ നിര്‍ണായകമായി മാറുകയായിരുന്നു.
പ്രജ്വല്‍ ലൈംഗികമായി ഉപദ്രവിച്ച സമയത്ത് ഏത് വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരാതിക്കാരിയായ സ്ത്രീയോട് ചോദിച്ചു. സാരിയാണ് ഉടുത്തിരുന്നതെന്നും, വസ്ത്രം അഴിച്ചെടുത്ത അയാള്‍ തിരികെ തന്നില്ലെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് ഫാം ഹൗസില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഒളിച്ചുവെച്ച സാരി കണ്ടെത്തുന്നത്. ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചപ്പോള്‍ സാരിയില്‍ ബീജത്തിന്റെ സാന്നിധ്യം കണ്ടെത്തി.
ഡിഎന്‍എ പരിശോധനയില്‍ അത് പ്രജ്വലിന്റെ ബീജമാണെന്ന് തെളിയുകയും ചെയ്തു. ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ടിനൊപ്പം സാരിയും പരാതിക്കാരിയുടെ മൊഴിയും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ശിക്ഷയില്‍ ഇത് നിര്‍ണായകമായി മാറുകയും ചെയ്തു. പ്രജ്വല്‍ രേവണ്ണ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നായിരുന്നു പരാതി. ബലാത്സംഗക്കേസില്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവും 11 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.