തിരുവനന്തപുരം: തന്റെ പ്രിയപ്പെട്ട അച്ഛമ്മയെ അവസാനമായി ഒരുനോക്ക് കാണാൻ പ്രണവ് മോഹൻലാൽ തിരുവനന്തപുരത്തെത്തി. അന്തരിച്ച ശാന്തകുമാരി അമ്മയുടെ ഭൗതികദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്ന മുടവൻമുകളിലെ കുടുംബ വീട്ടിലാണ് പ്രണവ് ഇന്ന് രാവിലെ എത്തിയത്. കേരളത്തിന് പുറത്തായിരുന്ന പ്രണവ്, വിവരം അറിഞ്ഞ ഉടൻ യാത്ര തിരിക്കുകയായിരുന്നു.
തങ്ങളുടെ പ്രിയപ്പെട്ട അച്ഛമ്മയുടെ സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങി കുട്ടിക്കാലം ചെലവഴിച്ച വീട്ടിലേക്ക് അച്ഛമ്മയ്ക്ക് അന്ത്യചുംബനം നൽകാനെത്തുന്ന പ്രണവ് കണ്ടുനിന്നവർക്കും നൊമ്പരമായി. ഇന്നലെ അന്തരിച്ച ശാന്തകുമാരി അമ്മയുടെ ഭൗതികശരീരം ഇന്ന് പുലർച്ചെയാണ് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെത്തിച്ചത്.
മൃതദേഹത്തെ അനുഗമിച്ച് മോഹൻലാലും ഭാര്യ സുചിത്രയും മകൾ വിസ്മയയും ഉണ്ടായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ശാന്തകുമാരി അമ്മയും ഭർത്താവ് വിശ്വനാഥൻ നായരും മക്കളും താമസിച്ചിരുന്ന ഈ വീട് മോഹൻലാലിന്റെ കുടുംബത്തിന് ഏറെ പ്രിയപ്പെട്ടതാണ്. മക്കളായ പ്രണവിനും വിസ്മയയ്ക്കും ഏറ്റവും വാത്സല്യനിധിയായ അച്ഛമ്മയായിരുന്നു ശാന്തകുമാരി അമ്മ.
മരണസമയത്ത് മോഹൻലാൽ അമ്മയ്ക്കരികിൽ തന്നെ ഉണ്ടായിരുന്നു. ഭർത്താവ് വിശ്വനാഥൻ നായരും മൂത്ത മകൻ പ്യാരിലാലും അന്ത്യവിശ്രമം കൊള്ളുന്ന മുടവൻമുകളിലെ മണ്ണിൽ തന്നെയാണ് ശാന്തകുമാരി അമ്മയ്ക്കും ചിതയൊരുങ്ങുന്നത്.
കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഔദ്യോഗിക കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ന് വൈകുന്നേരം നാലു മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും.



















