മന്ത്രിസഭയില്‍ അഴിച്ചുപണി?; പ്രധാനമന്ത്രി ഈ മാസം 30ന് ആര്‍എസ്എസ് ആസ്ഥാനത്തെത്തുന്നു

Mar 17, 2025

ഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ പുനഃസംഘടനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുങ്ങുന്നുവെന്ന് സൂചന. ഏപ്രില്‍ ആദ്യ ആഴ്ചയില്‍ ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെയും പ്രഖ്യാപിച്ചേക്കും. ഇതിനു മുന്നോടിയായി ഈ മാസം 30 ന് നരേന്ദ്രമോദി ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കും. മോഹന്‍ ഭാഗവത് അടക്കം ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കളുമായി നരേന്ദ്രമോദി ചര്‍ച്ച നടത്തും.

ആര്‍എസ്എസ് സംഘടനാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും നേതാക്കളെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മെയ് മാസമോ ജൂണ്‍ ആദ്യവാരമോ മന്ത്രിസഭ പുനഃസംഘടന ഉണ്ടായേക്കും. അതോടൊപ്പം പുതിയ ബിജെപി ദേശീയ അധ്യക്ഷന്റെ കാര്യത്തില്‍ ആര്‍എസ്എസിന്റെ അഭിപ്രായം തേടുക, ആര്‍എസ്എസിന്റെ അനുഗ്രഹവും പിന്തുണയും ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളും മോദിയുടെ സന്ദര്‍ശനത്തിന് പിന്നിലുണ്ട്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇതാദ്യമായിട്ടാണ് പ്രധാനമന്ത്രി നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുന്നത്.

നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉടന്‍ പുറത്തുവിട്ടേക്കും. റഷിംബാഗിലെ സ്മൃതി ഭവനിലെത്തി ഹെഗ്‌ഡേവാറിന് ആദരം അര്‍പ്പിക്കുന്ന നരേന്ദ്രമോദി, ബുദ്ധകേന്ദ്രമായ ദീക്ഷാഭൂമിയും സന്ദര്‍ശിക്കും. സ്വകാര്യ നേത്രരോഗ ആശുപത്രിയുടെ ശിലാസ്ഥാപന ചടങ്ങില്‍, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മൂല്യങ്ങള്‍ വളര്‍ത്തിയത് ആര്‍എസ്എസ്

ആര്‍എസ്എസ് പാരമ്പര്യവുമായുള്ള ബന്ധം ഒരു പദവിയാണെന്ന് നരേന്ദ്രമോദി അഭിപ്രായപ്പെട്ടിരുന്നു. തന്റെ ജീവിതത്തിന് ഒരു ലക്ഷ്യം നല്‍കിയതും, ‘നിസ്വാര്‍ത്ഥ’ സേവനത്തിന്റെ മൂല്യങ്ങള്‍ വളര്‍ത്തിയതും ആര്‍എസ്എസ് ആണെന്ന് മോദി യുഎസ് പോഡ്കാസ്റ്റര്‍ ലെക്‌സ് ഫ്രിഡ്മാനുമായുള്ള സംഭാഷണത്തിൽ അഭിപ്രായപ്പെട്ടിരുന്നു. തന്റെ ജീവിതത്തിന് ഒരു ലക്ഷ്യം നല്‍കിയതും, ‘നിസ്വാര്‍ത്ഥ’ സേവനത്തിന്റെ മൂല്യങ്ങള്‍ വളര്‍ത്തിയതും ആര്‍എസ്എസ് ആണെന്ന് മോദി പറഞ്ഞു. ആര്‍എസ്എസില്‍ നിന്ന് ജീവിത മൂല്യങ്ങള്‍ പഠിച്ചത് ഭാഗ്യമാണ്, നിസ്വാര്‍ഥമായ സാമൂഹ്യ സേവനം മാര്‍ഗമാക്കിയ മറ്റൊരു പ്രസ്ഥാനവുമില്ല. ആര്‍എസ്എസിന്റെ പ്രവര്‍ത്തനം പഠിച്ചാലേ അതിന്റെ മഹത്വം മനസിലാക്കാനാവൂ എന്ന് നരേന്ദ്രമോദി പറഞ്ഞു.

രാജ്യത്ത് വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും സംഘം വലിയ സംഭാവനകളാണ് നല്‍കിയത്. ഇടതുപക്ഷ തൊഴിലാളി യൂണിയന്‍ ‘ലോകത്തിലെ തൊഴിലാളികളെ ഒന്നിക്കൂ’ എന്ന് പറയുന്നു, അതേസമയം ആര്‍എസ്എസ് അനുബന്ധ തൊഴിലാളി യൂണിയന്‍ ‘തൊഴിലാളികളേ, ലോകത്തെ ഒന്നിപ്പിക്കൂ’ എന്നാണ് പറയുന്നത്. സാമൂഹ്യ സേവനത്തിലെ ആര്‍എസ്എസ് പഠിപ്പിക്കുന്ന മൂല്യമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.

LATEST NEWS