ഹിറ്റായി ‘പ്രിയദർശിനി’ ബസുകൾ; തമിഴ്‌നാട്ടിൽ നിന്നുള്ള തോട്ടം തൊഴിലാളികൾക്ക് ആശ്വാസം

Jun 25, 2026

seena

ഇടുക്കി: തമിഴ്‌നാട്ടിൽ നിന്നും ദിവസേന ഇടുക്കിയിലെ ഏലത്തോട്ടങ്ങളിൽ ജോലിക്കായെത്തുന്ന പതിനായിരക്കണക്കിന് തോട്ടം തൊഴിലാളി സ്ത്രീകൾക്ക് കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ ബസ് സർവീസുകൾ വലിയ തോതിൽ ഗുണകരമാകുന്നു. ഇടുക്കിയിലെ കുമളി, നെടുങ്കണ്ടം, കട്ടപ്പന, മൂന്നാർ തുടങ്ങിയ പ്രമുഖ ഡിപ്പോകളിൽ നിന്ന് തമിഴ്‌നാട്ടിലെ വിവിധ അതിർത്തി പട്ടണങ്ങളിലേക്ക് നിലവിൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. ഈ അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ദിവസേന ഇടുക്കിയിൽ എത്തി ജോലി ചെയ്ത് വൈകിട്ട് മടങ്ങുന്ന തൊഴിലാളികളാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ.

നിലവിൽ തോട്ടം ഉടമകൾ ഏർപ്പെടുത്തുന്ന സ്വകാര്യ വാഹനങ്ങളെയും മറ്റ് സമാന്തര സർവീസുകളെയും ആശ്രയിച്ചാണ് ഈ തൊഴിലാളികൾ ഇടുക്കിയിലേക്ക് എത്തിയിരുന്നത്. എന്നാൽ കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമായതോടെ ഭൂരിഭാഗം പേരും തങ്ങളുടെ യാത്ര ഈ ബസുകളിലേക്ക് മാറ്റി. ഇതോടെ വലിയൊരു തുക യാത്രാക്കൂലി ഇനത്തിൽ ലാഭിക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട്.

പ്രിയദർശിനി ബസുകൾ സജീവമായതോടെ തോട്ടം മേഖലയിൽ തൊഴിലാളി വാഹനങ്ങൾ തമ്മിലുള്ള മത്സര ഓട്ടത്തിന് വലിയൊരു പരിധി വരെ ശമനമുണ്ടാകുമെന്നാണ് കരുതുന്നത്. കൂടാതെ യാത്രാക്കൂലിയുടെ പേരിൽ തൊഴിലാളികൾ നേരിട്ടിരുന്ന കടുത്ത ചൂഷണങ്ങൾക്കും ഇതോടെ അറുതിയാകും. ജോലിക്ക് പുറമെ ചികിത്സ, വ്യാപാരം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി ദിവസേന തമിഴ്‌നാട്ടിലേക്ക് പോകുന്ന ഇടുക്കിയിലെ തദ്ദേശീയരായ സ്ത്രീകൾക്കും ഈ സൗജന്യ യാത്രാ പദ്ധതി വലിയ തോതിൽ തുണയാകുന്നുണ്ട്.

പ്രിയദർശിനി ബസുകളിൽ യാത്രാക്കൂലി ഇല്ലാത്തതിനാൽ വരും ദിവസങ്ങളിൽ തമിഴ്‌നാട്ടിൽ നിന്നും ഇടുക്കിയിലെ തോട്ടം മേഖലകളിലേക്ക് കൂടുതൽ വനിതാ തൊഴിലാളികൾ എത്തിച്ചേരുമെന്നാണ് തോട്ടം ഉടമകളും അധികൃതരും പ്രതീക്ഷിക്കുന്നത്. ഇത് ഇടുക്കിയിലെ കർഷകർ നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമത്തിന് വലിയൊരു ആശ്വാസമായി മാറും.

cake tower new
LATEST NEWS
തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴ , 8 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴ , 8 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍...