മലയാളി ആഘോഷിച്ച സൂപ്പര്‍ഹിറ്റുകളുടെ നിര്‍മ്മാതാവ് പികെആര്‍ പിള്ള അന്തരിച്ചു

May 16, 2023

seena

കൊച്ചി: പ്രശസ്ത സിനിമാനിര്‍മ്മാതാവ് പി കെ ആര്‍ പിള്ള അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ചിത്രം, വന്ദനം തുടങ്ങി മലയാളി ഹൃദയത്തിലേറ്റ് ആഘോഷിച്ച ഒരു പിടി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നിര്‍മാതാവാണ് ഇദ്ദേഹം. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങി മലയാളി എക്കാലവും ഓര്‍ക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറില്‍ പിറന്നത്.

എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ് പി.കെ.ആര്‍ പിള്ള. മുംബൈയിലായിരുന്നു ബിസിനസ്. മുംബൈ മുനിസിപ്പാലിറ്റിയിലേയ്ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചരിത്രവും പിളളയ്ക്കുണ്ട്. ഇന്ദിരഗാന്ധിയുമായി അടുത്ത സൗഹൃദവും പിളളയ്ക്കുണ്ടായിരുന്നു. 18 വര്‍ഷത്തിനിടെയാണ് 16 സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചത്. 12 വര്‍ഷം മുന്‍പാണ് ബിസിനസ് തകര്‍ന്നതോടെ തൃശൂരില്‍ താമസമാക്കിയത്. 1984ല്‍ നിര്‍മ്മിച്ച വെപ്രാളം ആയിരുന്നു പികെആര്‍ പിള്ളയുടെ ആദ്യചിത്രം. ചിത്രം സിനിമയുടെ വിജയം തലവരമാറ്റി. പിന്നീട് ഒരുപാട് സൂപ്പര്‍ ഹിറ്റുകള്‍ പിറന്നു. ഓണത്തുമ്പിക്കൊരൂഞ്ഞാല്‍, പുലി വരുന്നേ പുലി, ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ തുടങ്ങി പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചു.

cake tower new
LATEST NEWS