ചണ്ഡീഗഢ്: പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥി പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് സർവകലാശാല അടച്ചിടാൻ തീരുമാനം. 10 ദിവസത്തേക്ക് ആണ് സർവകലാശാല അടച്ചത്. കഴിഞ്ഞ ദിവസം വിദ്യാർഥികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. അക്രമങ്ങളെ തുടർന്ന് സർവകലാശാലയുടെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തിട്ടുണ്ട്.

സർവകലാശാലയിലെ ഗേൾസ് ഹോസ്റ്റലിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതി അവഗണിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തെന്ന് ആരോപിച്ചാണ് പ്രതിഷേധം ആരംഭിച്ചത്.

ശനിയാഴ്ച രാത്രി ക്യാംപസിൽ സംഘര്‍ഷാവസ്ഥ ഉടലെടുത്തതിന് പിന്നാലെ വിദ്യാര്‍ഥികള്‍ ദേശീയപാത ഉപരോധിക്കുകയും സര്‍വകലാശാലാ കെട്ടിടങ്ങള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. ഞായറാഴ്ച വിദ്യാര്‍ഥി പ്രതിനിധികളുമായും സര്‍വകലാശാലാ അധികൃതരുമായും പൊലീസ് നടത്തിയ ചര്‍ച്ചയും വിജയം കണ്ടില്ല.
വിദ്യാർഥികൾ ദേശീയപാത ഉപരോധിച്ചതാണ് പൊലീസുമായുള്ള സംഘർഷം രൂക്ഷമാക്കിയത്. രണ്ട് പൊലീസ് ജീപ്പുകളും നിരവധി വാഹനങ്ങളും അഗ്നിക്കിരയാക്കി. ഇതിനിടെ ആയുധങ്ങളുമായി പുറത്തുനിന്നെത്തിയ ആളുകൾ പെൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് കയറി. ഇവർ പെൺകുട്ടികളെ ആക്രമിക്കുകയും ലാപ്ടോപ്പുകൾ അടക്കമുള്ളവ കൈക്കലാക്കുകയും ചെയ്തു എന്ന് വിദ്യാർഥികൾ പറയുന്നു. വിദ്യാർഥികളുടെ ആരോപണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




















