കേരള സർക്കാർ ജോലികളിൽ അപേക്ഷിക്കാനുള്ള പ്രായം വർദ്ധിപ്പിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ചുവെങ്കിലും, അത് പ്രയോഗത്തിൽ വന്നില്ല.
ഈ വർഷം ആദ്യത്തെ വിജ്ഞാപനം പി എസ് സി പ്രസിദ്ധീകരിച്ചുവെങ്കിലും അതിൽ നിർദ്ദിഷ്ട പ്രഖ്യാപന പ്രകാരമുള്ള വർദ്ധന ഉൾപ്പെടുത്തിയിട്ടില്ല. ഏറ്റവും പുതിയ വിജ്ഞാപനത്തിൽ പി എസ് സി നാല് ജോലികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
അതിൽ കേരള സംസ്ഥാന പിന്നാക്ക വിഭാഗ കോർപ്പറേഷനിൽ എക്സിക്യൂട്ടീവ് അസിസ്റ്റന്റ തസ്തികയിലെ പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത് 36 വയസ്സാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്?
പ്രായവർദ്ധന – മന്ത്രിസഭാ തീരുമാനം ഇങ്ങനെ
പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കൂട്ടി ഫെബ്രുവരി 24 നാണ് മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ചത്. ജനറല്‍ വിഭാഗത്തില്‍ നാലുവര്‍ഷം കൂട്ടിയായിരുന്നു പ്രഖ്യാപനം. ഈ പ്രഖ്യാപന പ്രകാരം ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പിഎസ് സി പരീക്ഷയ്ക്ക് 40 വയസ് വരെ അപേക്ഷിക്കാം.
ഈ പ്രായപരിധി വർദ്ധനവോടെ ഒബിസി വിഭാഗങ്ങള്‍ക്ക് 39 വയസ് എന്നതിൽ നിന്ന് 43 വയസ് വരെ . മന്ത്രിസഭായോഗ തീരുമാനം അനുസരിച്ച് എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് 45 വയസ് വരെയും അപേക്ഷിക്കാനാവുമായിരുന്നു.
പ്രായപരിധി വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് പ്രായപരിധി വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തത്.
പുതിയ അപേക്ഷകൾ ഏതൊക്കെ? അതിലെ പ്രായപരിധി എത്ര?
ഇതിനൊപ്പം അപേക്ഷ ക്ഷണിച്ചിട്ടുള്ള മറ്റ് തസ്തികകളുടെ കാര്യത്തിൽ പ്രായപരിധിയിൽ മറ്റ് ചില വ്യത്യാസങ്ങളാണുള്ളത്. കെ എസ് എഫ് ഇയിൽ പ്യൂൺ- വാച്ചർ നിയമനം, മത്സ്യഫെഡിലെ ജൂനിയർ അസിസ്റ്റന്റ് തസ്തികകളിൽ 50 വയസുവരെയാണ്.
പൊതുമരാമത്ത് വകുപ്പിൽ ഗ്രേഡ് ഓവർസിയർ തസ്തികയിൽ വകുപ്പ് തല നിയമനമായതിനാൽ ഉയർന്ന പ്രായപരിധി നിർബന്ധമാക്കാതെയുമുള്ള വിജ്ഞാപനമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
പി എസ് സി വിജ്ഞാപനത്തിൽ പ്രായപരിധി വർദ്ധിപ്പിക്കാത്ത് എന്തുകൊണ്ട്?
അതേസമയം, പി എസ് സി വിജ്ഞാപനം സർക്കാർ പ്രഖ്യാപനം വരുന്നതിന് മുമ്പ് ചേർന്ന യോഗത്തിലെടുത്ത തീരുമാന പ്രകാരമുള്ളതാണ്. ഇതിലെ പ്രായപരിധി മാറ്റണമെങ്കിൽ ഇക്കാര്യത്തിൽ മന്ത്രിസഭാ തീരുമാനം മാത്രം പോര. ആ തീരുമാനം സർക്കാർ ഉത്തരവായി ഗസറ്റ് വിിജ്ഞാപനം വന്നാൽ മാത്രമേ, പി എസ് സിക്ക് പ്രായപരിധി മാറ്റാൻ സാധിക്കുകയുള്ളൂവെന്ന് പി എസ് സി വൃത്തങ്ങൾ വ്യക്തമാക്കി.
പ്രായം വർദ്ധിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇതിന് അപേക്ഷിക്കാനുള്ള കാലയളവിനുള്ളിൽ നിലവിൽ വന്നാൽ പി എസ് സിക്ക് വേണമെങ്കിൽ തിരുത്തൽ വിജ്ഞാപനം (corrigendum) പുറപ്പെവടുവിക്കാവുന്നതേയുള്ളൂ.
ഫെബ്രുവരി 24 ന് വന്ന പ്രഖ്യാപനവും കഴിഞ്ഞ ദിവസം നിലവിൽ വന്ന വിജ്ഞാപനവും തമ്മിൽ അഞ്ച് ദിവസത്തെ വ്യത്യാസം മാത്രമേയുള്ളൂ. ഇത് ഗസറ്റ് വിജ്ഞാപനത്തിനുള്ള സ്വാഭാവിക കാലതാമസമാണെന്ന് സർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി.
ഇതേസമയം, നേരത്തെ, ഉദ്യോഗാർത്ഥികൾക്ക് അപേക്ഷയിൽ തിരുത്തൽ വരുത്താൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം വരെ സമയം നൽകുമെന്ന് പി എസ് സി വ്യക്തമാക്കിയിരുന്നു. എന്നാൽ അക്കാര്യത്തെ കുറിച്ച് വിജ്ഞാപനത്തിൽ വിശദാംശങ്ങളൊന്നുമില്ല.

















