പി എസ് സി പരീക്ഷാ ക്രമക്കേട്: ആഭ്യന്തര വിജിലന്‍സ് എസ്പി അന്വേഷിക്കും; പരീക്ഷാ കണ്‍ട്രോളറുടെ അന്വേഷണം അവസാനിപ്പിച്ചു

Jul 6, 2026

തിരുവനന്തപുരം: വിവാദമായ പിഎസ്സി പരീക്ഷാ ക്രമക്കേട് ആഭ്യന്തര വിജിലന്‍സ് എസ്പി അന്വേഷിക്കും. പരീക്ഷാ കണ്‍ട്രോളറെ അന്വേഷണച്ചുമതല ഏല്‍പ്പിച്ച ചെയര്‍മാന്റെ നടപടി വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ്, ഇന്നു ചേര്‍ന്ന പിഎസ് സി യോഗം പരീക്ഷ കണ്‍ട്രോളര്‍ നടത്തുന്ന അന്വേഷണം നിര്‍ത്തിവയ്ക്കാനും, ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കാനും തീരുമാനമെടുത്തത്.

ആഭ്യന്തര വിജിലന്‍സ് എസ് പി സിനി ഡെന്നീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കാന്‍ നേരത്തെ തീരുമാനിച്ചെങ്കിലും ഉത്തരവ് ഇറക്കിയിരുന്നില്ല. പകരം പരീക്ഷാ കണ്‍ട്രോളര്‍ക്ക് അന്വേഷണ ചുമതല ചെയര്‍മാന്‍ ഏല്‍പ്പിക്കുകയായിരുന്നു. കേസ് അട്ടിമറിക്കാന്‍ പിഎസ്സി ചെയര്‍മാന്‍ രഹസ്യമായാണ് കണ്‍ട്രോളറെ അന്വേഷണം ഏല്‍പ്പിച്ചതെന്ന ആരോപണം ഉയര്‍ന്നു.

അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ, വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. കേസ് അഴിമതി നിരോധന പരിധിയില്‍ വരുമെന്നാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചത്. പിഎസ്സി സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാണ്. അതിനാല്‍ വിജിലന്‍സ് അന്വേഷണത്തിന് തടസമില്ലെന്നും നിയമോപദേശം ലഭിച്ചു.

എന്നാല്‍ ഭരണഘടനാ സ്ഥാപനമായതിനാല്‍ പിഎസ്സി ചെയര്‍മാനോ അംഗങ്ങള്‍ക്കോ എതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനാകില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഉയര്‍ന്നു വന്ന ആക്ഷേപങ്ങള്‍ വിജിലന്‍സ് അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നും സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതിന് പിന്നലെയാണ് പിഎസ്സി യോഗം ആഭ്യന്തര വിജിലന്‍സിന് അന്വേഷണം കൈമാറാന്‍ തീരുമാനിച്ചത്

അന്വേഷണം വിജിലന്‍സ് ഏറ്റെടുത്താല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. പിഎസ്സിയുമായി ബന്ധപ്പെട്ട ക്രമക്കേട് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പിഎസ്സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് പ്രതിഷേധം

അതേസമയം നിയമന ക്രമക്കേടിൽ ചെയർമാൻ എം ആർ ബൈജുവിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പിഎസ്‌സി ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘര്‍ഷത്തിൽ കലാശിച്ചു. ഓഫീസ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ബാരിക്കേഡ് നീക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. ആറ് തവണയാണ് പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചത്. വിവാദ നിയമനങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺ​ഗ്രസിന്റെ പ്രതിഷേധം.

cake tower new
LATEST NEWS