അല്ലു അർജുന്റെ കരിയറിൽ വഴിത്തിരിവായ ചിത്രങ്ങളിലൊന്നാണ് പുഷ്പ 2. 2000 കോടിയോളമാണ് ചിത്രം ബോക്സോഫീസിൽ നേടിയത്. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായെത്തിയത്. കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങിയിരുന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ഒടിടിയിൽ വന്നതോടെ ചിത്രത്തിന് ട്രോൾ പൂരമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
പുഷ്പ 2-ന്റെ ക്ലൈമാക്സ് സംഘട്ടന രംഗമാണ് പുതിയ ചർച്ചകൾക്കും ട്രോളുകൾക്കും കാരണമായിരിക്കുന്നത്. ഗുണ്ടകളിൽ നിന്നും തന്റെ സഹോദരന്റെ മകളെ രക്ഷിക്കുകയാണ് അല്ലു അർജുൻ അവതരിപ്പിച്ച പുഷ്പ എന്ന കഥാപാത്രം. വില്ലന്മാരെ ഒന്നടങ്കം ഇല്ലാതാക്കുകയാണ് പുഷ്പ. തിയറ്ററുകളിൽ വലിയ കയ്യടി കിട്ടിയ സംഘട്ടനരംഗം ഒടിടിയിൽ രൂക്ഷമായ പരിഹാസമാണ് ഏറ്റുവാങ്ങുന്നത്.
ഇത് മാസ് ഹീറോ രംഗമാണോ അതോ കോമഡി രംഗമാണോ എന്ന തലക്കെട്ടിലാണ് ചർച്ചകൾ നടക്കുന്നത്. ‘ചിരിയടക്കാൻ പറ്റുന്നില്ലെന്നാ’ണ് ഒരാൾ കമന്റ് ചെയ്തത്. ‘നമുക്ക് സൂപ്പർ ഹീറോകളില്ല, കാരണം നമ്മുടെ മാസ് ഹീറോകൾ അവർ ചെയ്യുന്നതു പോലുള്ള ജോലി ചെയ്യുന്നുണ്ട്. അതും യാതൊരുതരത്തിലുള്ള സൂപ്പർ പവറുകളോ അതിന് സഹായിക്കുന്ന ഉപകരണങ്ങളോ ഇല്ലാതെ വളരെ റിയലിസ്റ്റിക്കായ സിറ്റുവേഷനുകളിൽ’.
‘ഗുരുത്വാകർഷണത്തെയും ഭൗതികശാസ്ത്ര നിയമങ്ങളേയും ബഹുമാനിക്കുന്ന സംഘട്ടന സംവിധായകരെയാണ് നമുക്കാവശ്യം’. ‘ഇങ്ങനെയാണ് നിങ്ങളപ്പോൾ 1800 കോടി കളക്ഷനുണ്ടാക്കിയത്’, ‘എല്ലാ ഫിസിക്സ് അധ്യാപകരും ഈ വിജയത്തിന് ഉത്തരവാദികളാണ്’- എന്നൊക്കെ നീളുന്നു പരിഹാസ കമന്റുകൾ. ഫഹദ് ഫാസിലും ചിത്രത്തിൽ നിർണായക വേഷത്തിലെത്തിയിരുന്നു. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമിച്ചത്. ചിത്രത്തിന്റെ മൂന്നാം ഭാഗവും ഒരുങ്ങുന്നുണ്ട്.