മലപ്പുറം: എല്‍ഡിഎഫുമായി അകന്ന നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കാന്‍ പോകുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടി വേണമെന്നും വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ മത്സരിക്കുമെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്ക് ലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണ ഉണ്ടാവും.യുവാക്കള്‍ അടക്കം പുതിയ ടീം വരും.എല്ലാ പഞ്ചായത്തുകളിലും പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളുണ്ടാകും. മഞ്ചേരിയില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് പൊതുയോഗം സംഘടിപ്പിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
അതിനിടെ, ഹിന്ദു ദിനപത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമര്‍ശം തെറ്റാണെങ്കില്‍ തിരുത്താന്‍ എന്തിനാണ് 32 മണിക്കൂര്‍ കാത്തിരുന്നതെന്ന് പി വി അന്‍വര്‍ ചോദിച്ചു. ആ തിരുത്ത് ഒട്ടും ആത്മാര്‍ത്ഥത ഉള്ളതല്ല. മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞ കാര്യങ്ങളാണ് അഭിമുഖത്തിലുള്ളത്. അത് വിവാദമായതോടെ പത്രമിറങ്ങി രണ്ടാം ദിവസം 32 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് തിരുത്തല്‍ നാടകം കളിച്ചത്. ഇതൊക്കെ നാടകമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അന്‍വര്‍ പറഞ്ഞു.
തിരുത്തല്‍ ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ പത്രം രാവിലെ കേരളത്തില്‍ ഇറങ്ങിയ ഉടന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വാര്‍ത്താക്കുറിപ്പ് ഇറക്കണമായിരുന്നു. അതുണ്ടായില്ല. ഒരു രക്ഷയുമില്ലാതായപ്പോഴാണ് ഈ പറയുന്ന നാടകം ഉണ്ടായത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടിക്കുന്നതെന്നും കള്ളക്കടത്ത് നടക്കുന്നതെന്നും മുഖ്യമന്ത്രി ഇതിനുമുമ്പും പറഞ്ഞിട്ടുണ്ട്. ഈ പണം ദേശദ്രോഹപ്രവര്‍ത്തനത്തിന് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഈയിടെയായി മലപ്പുറം ജില്ലയെ കുറിച്ച് അദ്ദേഹത്തിന്റെ സ്ഥിരമായി അഭിപ്രായമാണിത്. മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ദേശദ്രോഹികളുടെ താവളമാണെന്ന് ഇന്ത്യയെ മൊത്തം അറിയിക്കാനാണ് ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുവിന് ഡല്‍ഹിയില്‍ വെച്ച് ഇന്റര്‍വ്യൂ കൊടുത്തത്. ബിജെപി ഓഫീസിലും ആര്‍എസ്എസ് കേന്ദ്രത്തിലും അത് ചര്‍ച്ചയാവണമെന്ന ഉദ്ദേശത്തിലാണ് ആ അഭിമുഖം. മുഖ്യമന്ത്രിയുടെ അഭിമുഖത്തിന്റെ റെക്കോര്‍ഡ് പുറത്ത് വിടാന്‍ പി വി അന്‍വര്‍ വെല്ലുവിളിച്ചു.