പത്തനംതിട്ട: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പില്‍ മതിയായ സുരക്ഷ ഒരുക്കാതിരുന്നതിന് ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍. അന്നത്തെ തിരുവല്ല ഡിവൈഎസ്പി എസ് നന്ദകുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിലെ തെളിവെടുപ്പിലാണ് സംഭവം.
കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ജനുവരി 14 ന് തിരുവല്ലയിലെ ഹോട്ടലില്‍ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു. അവിടെ ഡിവൈഎസ്പി നന്ദകുമാറിനോട് സുരക്ഷ ഒരുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ഫോണില്‍ നേരിട്ട് പറഞ്ഞെങ്കിലും ഡിവൈഎസ്പി സ്ഥലത്തെത്തിയിരുന്നില്ല. തെളിവെടുപ്പിനിടെ സുരക്ഷാ വീഴ്ചയുണ്ടായതായി പൊലീസ് വിലയിരുത്തിയിരുന്നു. ഇതില്‍ എസ്പി പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ഡിജിപി നേരിട്ട് അന്വേഷണം നടത്തിയശേഷമാണ് ഡിവൈഎസ്പി നന്ദകുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഡിവൈഎസ്പിക്കെതിരെ വിശദമായ അന്വേഷണത്തിനും ഡിജിപി ഉത്തരവിട്ടിട്ടുണ്ട്. നന്ദകുമാര്‍ ഇപ്പോള്‍ എറണാകുളം ജില്ലയിലാണ് ജോലി നോക്കിയിരുന്നത്.



















