തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകളും അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം. ആദ്യ ബലാത്സംഗക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. രാഹുലിനെതിരെ കൂടുതല്‍ പരാതികള്‍ വന്നാല്‍ ഒരു സംഘം തന്നെ അന്വേഷണം ഏകോപിപ്പിക്കാന്‍ വേണ്ടിയാണ് നീക്കം.
നിലവില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷിച്ചിരുന്ന കേസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. ഇതോടെ രാഹുലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളുടെയും അന്വേഷണ ചുമതല എസ്പി പൂങ്കുഴലിക്കായിരിക്കും. കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാനിയാണ് ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥ.
രാഹുലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗക്കേസിന്റെ അന്വേഷണ ചുമതല നേരത്തെ തന്നെ എസ്പി പൂങ്കുഴലിക്കായിരുന്നു. ഈ കേസിലും രാഹുലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ഇതിനുപിന്നാലെ 15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം രാഹുല്‍ പാലക്കാടെത്തി വോട്ടുചെയ്തിരുന്നു.




















