പാലക്കാട്: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന എംഎല്‍എയെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഊര്‍ജ്ജിതമായ തിരച്ചില്‍ ആറാം ദിവസവും തുടരുന്നതിനിടെ, കാണാമറയത്ത് തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തിരുവനന്തപുരം സെഷന്‍സ് കോടതി നാളെ പരിഗണിക്കാനിരിക്കേ, കാറുകളും സിമ്മും മാറി മാറി ഉപയോഗിച്ച് അന്വേഷണ സംഘത്തെ വഴിതെറ്റിച്ച് മൂന്ന് സംസ്ഥാനങ്ങളിലൂടെയുള്ള ഓട്ടത്തിലാണ് രാഹുല്‍. നിലവില്‍ രാഹുല്‍ കര്‍ണാടകയില്‍ ഉണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
ഇന്നലെ തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയില്‍ രാഹുല്‍ ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം അവിടേയ്ക്ക് തിരിച്ചിരുന്നു. എന്നാല്‍ അന്വേഷണ സംഘം വരുന്നുണ്ടെന്ന് അറിഞ്ഞ രാഹുല്‍ അവിടെ നിന്നും മുങ്ങിയതായാണ് വിവരം. തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ഹോസൂരിലെ ബാഗലൂരില്‍ ഇന്നലെ രാവിലെ വരെ രാഹുല്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് പത്തുകിലോമീറ്റര്‍ ഇപ്പുറം തമിഴ്‌നാട്ടിലെ പ്രദേശമാണ് ബാഗലൂര്‍.
അവിടെ റിസോര്‍ട്ട് പോലെ തോന്നിപ്പിക്കുന്ന ഒരു താമസസ്ഥലത്താണ് രാഹുല്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ പൊലീസ് സംഘം വരുന്നുണ്ടെന്ന് അറിഞ്ഞ് രാവിലെ ഏകദേശം ഒന്‍പത് മണിയോട് കൂടി രാഹുല്‍ അവിടെ നിന്ന് കടന്നുകളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് അന്വേഷണ സംഘം ബാഗലൂരില്‍ എത്തിയത്. രാഹുല്‍ കര്‍ണാടകയിലേക്ക് കടന്നതായാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്. രാഹുലിന് രക്ഷപ്പെടാന്‍ നിരവധിയാളുകളുടെ സഹായം ലഭിക്കുന്നതായും പൊലീസിന് സംശയമുണ്ട്.
![]()
![]()
തുടക്കത്തില്‍ ചുവന്ന പോളോ കാറിലാണ് തമിഴ്‌നാട് അതിര്‍ത്തി വരെ രാഹുല്‍ പോയത്. പിന്നെ മറ്റൊരു കാറിലാണ് പൊള്ളാച്ചിയിലേക്കും കോയമ്പത്തൂരിലേക്കും പിന്നീട് ബാഗലൂരിലേക്കും പോയതെന്നാണ് പൊലീസ് പറയുന്നത്. രാഹുല്‍ പാലക്കാട്ടുനിന്നു മുങ്ങിയ കാര്‍ ഒരു യുവനടിയുടേതാണെന്ന് പൊലീസ് പറയുന്നു. ഇവരെ ചോദ്യം ചെയ്യും. കാര്‍ കൈമാറാനുണ്ടായ സാഹചര്യവും പരിശോധിക്കും.
![]()

















