തൃശൂർ: എക്സൈസ് ഇൻസ്പെക്ടറുടെ ഓഫീസിൽ വിജിലൻസ് റെയ്ഡ്. പരിശോധനയിൽ ഏതാണ്ട് 72,500 രൂപയും വാഹനത്തിൽ നിന്നു 10 കുപ്പി മദ്യവും പിടിച്ചെടുത്തു. 42,500 രൂപയോളം വാഹനത്തിൽ നിന്നാണ് കണ്ടെത്തിയത്. എക്സൈസ് ഓഫീസറുടെ പക്കൽ നിന്നാണ് 30,000ത്തോളം രൂപ പിടിച്ചെടുത്തത്. ഇതിനൊപ്പം മൂന്ന് ക്രിസ്മസ് കേക്കുകളും കണ്ടെത്തിയിട്ടുണ്ട്.
ക്രിസ്മസ് തലേന്ന് പണത്തിന്റേയോ, മദ്യത്തിന്റേയോ ഇടപാടുകളുണ്ടോ എന്നറിയാനായിരുന്നു വിജിലൻസ് പരിശോധന. ഓഫീസിൽ പരിശോധിക്കും മുൻപാണ് വാഹനം പരിശോധിച്ചത്. ഈ പരിശോധനയിലാണ് 10 കുപ്പിയോളം വരുന്ന വിദേശ മദ്യം കണ്ടെത്തിയത്. ബെക്കാഡി, സ്മിർനോഫ്, മോർഫ്യൂസ് തുടങ്ങിയ വില കൂടിയ മദ്യങ്ങളാണ് പിടിച്ചെടുത്തത്.
ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് പിടിച്ച മദ്യമല്ല ഇത് എന്നാണ് വിവരം. പാരിതോഷികമായി നൽകാനായി സൂക്ഷിച്ചതാണോ ഇവയെന്നാണ് വിജിലൻസ് അന്വേഷിക്കുന്നത്.
ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് എക്സൈസ് ഉദ്യോഗസ്ഥർക്ക് വൻ തോതിൽ ഇത്തരത്തിൽ പാരിതോഷികങ്ങൾ ലഭിക്കുന്നതായുള്ള രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.