കൊല്ലം: ട്രെയിന്‍ കാത്തു നില്ക്കുന്ന യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് സമയം വിനോദപ്രദമായി ചെലവഴിക്കാന്‍ ഗെയിമിംഗ്&എന്റര്ടെയ്ന്മെന്റ് സെന്ററുമായി ദക്ഷിണ റെയില്‍വേ. കേരളത്തില്‍ ആദ്യമായി എറണാകുളം ജംഗ്ഷന് (SOUTH) റെയില്‍വേ സ്റ്റേഷനിലാണ് സെന്റര്‍ ആരംഭിക്കുന്നത്. രണ്ട് നിലകളിലായി 6,000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണ്ണമുള്ള ഈ കേന്ദ്രത്തില്‍ ഗെയിം സോണുകള്‍, വെര്‍ച്വല്‍ ഗെയിമിംഗ്, വിനോദത്തിനായി മറ്റു സൗകര്യങ്ങളും ഉണ്ടാകും. ഏതാനും മാസങ്ങള്‍ക്കുള്ളില്‍തന്നെ സെന്റര്‍ പ്രവര്‍ത്തനസജ്ജമാകും.
ഓഫീസേഴ്സ് റെസ്റ്റ് ഹൗസിന് സമീപത്തായി വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതി ‘ബില്‍ഡ്, ഓപ്പറേറ്റ് ആന്റ് ട്രാന്‍സ്ഫര്‍ (BOT) മാതൃകയിലാണ് നടപ്പിലാക്കുക. തിരുവനന്തപുരം ഡിവിഷന് 10 വര്‍ഷത്തെ കരാര്‍ കാലാവധിയോടെ പദ്ധതിക്കായി ടെന്‍ഡറുകള്‍ ക്ഷണിച്ചു. കേന്ദ്രത്തിന്റെ ഒന്നാം നിലയില്‍ മൂന്ന് മീറ്റിംഗ് റൂമുകള്‍ ഉണ്ടായിരിക്കും. ഇതില്‍ ഒന്നില്‍ ഏകദേശം 15 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. മറ്റൊന്ന് കുടുംബങ്ങള്‍ക്കായുള്ള ചെറിയ മുറിയായിരിക്കും. മൂന്നാമത്തെ മുറിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ടോയ്ലറ്റുകളും വാഷ്റൂമുകളും ഉണ്ടാകും.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് ഒരു പ്രധാന കേന്ദ്രമായതിനാലാണ് ആദ്യം തെരഞ്ഞെടുത്തിരിക്കുന്നത്. ജനങ്ങളുടെ പ്രതികരണം കണക്കിലെടുത്ത് ഈ ആശയം മറ്റ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. ചെറിയ സ്റ്റേഷനുകളില്‍ പ്ലേസ്റ്റേഷന്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യവും ഡിവിഷന് പരിഗണിക്കുന്നുണ്ടെന്ന് ദക്ഷിണ റെയില്‍വേ കൊമേഴ്സ്യല്‍ വിഭാഗത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
റെയില്‍വേ സ്റ്റേഷനുകളിലെ ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കാനും പരമ്പരാഗത യാത്രാ സേനവനങ്ങള്ക്കപ്പുറമുള്ള സൗകര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ഡിവിഷന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരഭം. പലചരക്ക് സ്റ്റാളുകള്‍, കാര്‍ സര്‍വീസ് സെന്ററുകള്‍, പെര്‍ഫ്യും സ്റ്റാളുകള്‍ തുടങ്ങിയവ സ്റ്റേഷനുകളില്‍ അവതരിപ്പിച്ചതും ഈ ലക്ഷ്യത്തോടെയാണ്.



















