ആന്ധ്രാ തീരത്തേക്ക് ആഞ്ഞടിച്ച് ‘മുറസു’; തമിഴ്നാട്ടില്‍ ശക്തമായ മഴ, നിരവധി വിമാനങ്ങള്‍ റദ്ദാക്കി

Nov 2, 2026

ചെന്നൈ: ‘മുറസു’ ചുഴലിക്കാറ്റ് തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നതിനിടെ തമിഴ്നാടിന്റെ വടക്കന്‍ മേഖലകളില്‍ ശക്തമായ മഴ. നിലവില്‍ ചെന്നൈയില്‍ നിന്ന് ഏകദേശം 250-260 കിലോമീറ്റര്‍ അകലെയാണ് മുറസു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ചെന്നൈയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായ മഴയാണ് അനുഭവപ്പെടുന്നത്.

24 മണിക്കൂറിനുള്ളില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും 10 മുതല്‍ 15 സെന്റീമീറ്റര്‍ വരെ മഴ പെയ്തു. കടപ്പാക്കം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ 15 സെന്റീമീറ്റര്‍ വീതം മഴയുണ്ടായി. മണലി ന്യൂ ടൗണിലും മണലിയിലും 14 സെന്റീമീറ്റര്‍ വീതം മഴ രേഖപ്പെടുത്തി. സത്തങ്ങാടില്‍ 13 സെന്റീമീറ്റര്‍ മഴ ലഭിച്ചപ്പോള്‍, കത്തിവക്കം, എന്നൂര്‍, ബേസിന്‍ ബ്രിഡ്ജ്, പുഴല്‍, വിംകോ നഗര്‍, തൊണ്ടിയാര്‍പേട്ട് തുടങ്ങിയ പ്രദേശങ്ങളില്‍ 11 സെന്റീമീറ്റര്‍ വീതം മഴ ലഭിച്ചു.

ശക്തമായ മഴയിലും മോശം കാലാവസ്ഥയിലും ചെന്നൈയെയും ആന്ധ്രാപ്രദേശിലെ വിവിധ നഗരങ്ങളെയും തിരുച്ചിറപ്പള്ളിയെയും ബന്ധിപ്പിക്കുന്ന 11 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ചെന്നൈയില്‍ നിന്ന് വിജയവാഡ, രാജമുന്ദ്രി, കടപ്പ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള 11 വിമാന സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്.

ചെന്നൈ – വിജയവാഡ റൂട്ടിലെ മൂന്ന് സര്‍വീസുകളും, ചെന്നൈ – രാജമുന്ദ്രി റൂട്ടിലെ രണ്ട് സര്‍വീസുകളും, ചെന്നൈ – കടപ്പ റൂട്ടിലെ രണ്ട് സര്‍വീസുകളും, ചെന്നൈ – തിരുച്ചിറപ്പള്ളി റൂട്ടിലെ നാല് സര്‍വീസുകളുമാണ് റദ്ദാക്കിയതായി ചെന്നൈ വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിശാഖപട്ടണം, ഹൈദരാബാദ്-വിജയവാഡ രണ്ട് സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്. വിജയവാഡ വിമാനത്താവളത്തില്‍ നിന്നുള്ള 10 വിമാന സര്‍വീസുകള്‍ ഇന്‍ഡിഗോയും റദ്ദാക്കിയിട്ടുണ്ട്.

LATEST NEWS