ഇരട്ട ചക്രവാതച്ചുഴി; ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ

May 30, 2026

seena

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അടുത്ത 2-3 ദിവസങ്ങള്‍ക്കുള്ളില്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടലിന്റെയും തെക്കുകിഴക്കന്‍ അറബിക്കടലിന്റെയും കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ് പ്രദേശം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മുന്നേറുന്നതിന് അനുകൂലമായ സാഹചര്യം നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കുകിഴക്കന്‍ അറബിക്കടലിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തമിഴ്നാട് തീരത്തിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

cake tower new
LATEST NEWS
വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ യുപിഎസ്ടിറാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്നിരുന്ന അനിശ്ചിതകാല...