തിരുവനന്തപുരം: മധ്യ തെക്കന്‍ കേരളത്തിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. ഇതേതുടർന്ന് പത്തുജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം തലസ്ഥാനത്ത് കനത്ത മഴ തുടരും. തിരുവനന്തപുരം നഗര, മലയോര, തീര മേഖലകളിൽ മഴ വ്യാപകമായി തുടരുകയാണ്. മണിക്കൂറുകളായി മഴ പെയ്യുന്നുണ്ട്. വർക്കലയിൽ 3 മണിക്കൂറിനിടെ 48.5 മി മീ മഴയാണ് ലഭിച്ചത്. മഴയെ തുടർന്ന് തിരുവനന്തപുരം കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷനില്‍ കേന്ദ്ര ജല കമ്മീഷന്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.
നിലവിൽ തമിഴ്‌നാടിന് മുകളില്‍ ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. തുലാവർഷ കാറ്റും സജീവമാകുന്നുണ്ട്. അടുത്തയാഴ്ചയോടെ തുലാവർഷം തുടങ്ങിയേക്കും. ഇതോടെ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴ കനക്കും. വരും മണിക്കൂറുകളില്‍ പത്തനംതിട്ട, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

















