തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 27 ആയി. തൃശ്ശൂര്‍ തെക്കുംകരയില്‍ പുഴയില്‍ ഒലിച്ചുപോയ റിട്ട. അധ്യാപകന്‍ ജോസഫിന്‍റെ മൃതദേഹവും കിട്ടി. സച്ചു ഷാഹുലിന്‍റെ മൃതദേഹം കൂടി കണ്ടെത്തിയതോടെ കൊക്കയാറിൽ ഉരുൾപൊട്ടലിൽ കാണാതായ ഏഴുപേരുടെ മൃതദേഹങ്ങളും കണ്ടെത്തി. പഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്നും കാണാതായ ആൻസിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ആൻസിയെ കണ്ടെത്താനായി രാവിലെ മുതൽ വിവിധ സംഘങ്ങൾ നദിയുടെ കരയിൽ പരിശോധന നടത്തുന്നുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഇന്നലെ വരെ സംസ്ഥാനത്ത് 35 പേര്‍ മഴക്കെടുതിയില്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നത്. കോട്ടയത്ത് 13 പേരും ഇടുക്കിയില്‍ ഒന്‍പതും മലപ്പുറത്ത് മൂന്ന് പേരും ആലപ്പുഴയിലും കണ്ണൂരും രണ്ടുപേര്‍ വീതവും കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ വീതം മരിച്ചുവെന്നാണ് കണക്കുകള്‍.