തിരുവനന്തപുരം: ന്യുന മർദം ദുർബലമായതോടെ കേരളത്തില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയുടെ(Heavy rain) തീവ്രത കുറയുന്നു. വടക്കൻ കേരളത്തിൽ ഉച്ചവരെ മഴ തുടരും(rain alert). തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ന്യുന മർദം ദുർബലമായതോടെ അറബികടലിൽ കാറ്റിന്‍റെ ശക്തി കുറഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് പ്രവചനം. മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴയുടെ ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്തിന്റെ പല മേഖലകളിലും കനത്ത മഴ തുടരുന്നുണ്ട്. കോട്ടയം ജില്ലയിൽ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ഇന്നലെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കയം കൂട്ടിക്കലിൽ പുലർച്ചെയും മഴയുണ്ട്.
ഉരുൾപൊട്ടലുണ്ടായ കൊക്കയാറിലും മഴ ശമിച്ചിട്ടില്ല. ഇവിടെ എട്ട് പേരെയാണ് കാണാതായത്. കൊക്കയാറിൽ രാവിലെ തന്നെ തെരച്ചിൽ തുടങ്ങുമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു. ഫയർ ഫോഴ്സ്, എൻഡിആർഎഫ്, റവന്യു, പൊലീസ് സംഘങ്ങൾ ഉണ്ടാകും. കൊക്കയാറിൽ തെരച്ചിലിന് ഡോഗ് സ്‌ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും എത്തും.