ആറ്റിങ്ങൽ: വെള്ളപ്പൊക്കത്തെ തുടർന്ന് കഴിഞ്ഞ 2 ദിവസമായി നഗരസഭയുടെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞ നൂറോളം പേർക്കാണ് കുടുംബശ്രീ യൂണിറ്റ് സൗജന്യ ഉച്ചഭക്ഷണം നൽകിയത്. നഗരസഭയിൽ പ്രവർത്തിക്കുന്ന ജനകീയ ഭക്ഷണശാലയിൽ നിന്ന് കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ എ.റീജയുടെ നേതൃത്വത്തിലുള്ള സംഘം പാചകം ചെയ്ത ഭക്ഷണം ക്യമ്പുകളിലെത്തി വിതരണം ചെയ്തു.
ദിവസങ്ങൾക്ക് മുമ്പ് ഒറ്റപ്പാലം എംഎൽഎ അഡ്വ.പ്രേംകുമാർ യാത്രാമധ്യേ ആറ്റിങ്ങലിലെ ജനകീയ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നത് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ പ്രളയകാലത്തും കൊവിഡ് പ്രതിസന്ധി ഘട്ടത്തിലും കുടുംബശ്രീയുടെ മാതൃകാപരമായ പ്രവർത്തനം പട്ടണത്തിൽ ഏറെ ആശ്വാസം പകർന്നിട്ടുണ്ട്. സൗജന്യ പൊതിച്ചോറ് വിതരണം, ഭക്ഷ്യ കിറ്റ് വിതരണം, വിവിധങ്ങളായ പലിശ രഹിത വായ്പാ സംവിധാനം, മുഖ്യമന്ത്രിയുടെയും നഗരസഭയുടെയും ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന, പ്രതിരോധ പ്രവർത്തനങ്ങളിൽ കുടുംബശ്രീ അംഗങ്ങളുടെ പങ്കാളിത്തം എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. ഏതൊരു അടിയന്തിര സാഹചര്യത്തിലും നഗരസഭാ കുടുംബശ്രീയുടെ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാകുമെന്ന് സിഡിഎസ് ചെയർപേഴ്സൺ എ.റീജ അറിയിച്ചു.