ആറ്റിങ്ങൽ: കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ച പനവേലിപറമ്പ് സ്വദേശികളെയാണ് നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി സന്ദർശിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെ ഈ പ്രദേശത്ത് വെള്ളം കയറിയതിനാൽ നഗരസഭാ അധികൃതർ കുന്നുവാരം സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മാറ്റി പാർപ്പിച്ച 3 കുടുംബങ്ങളിൽ 5 സ്ത്രീകളും, 1 പുരുഷനും, 3 കുട്ടികളും ഉൾപ്പടെ 9 പേരാണ് ക്യാമ്പിൽ കഴിയുന്നത്. വില്ലേജ് ഓഫീസർ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ വിവര ശേഖരണം നടത്തി. വളർത്തുമൃഗങ്ങൾ ഉൾപ്പടെ ഇവരുടെ അവശ്യ സാധനങ്ങളും വാഹനങ്ങളും വെള്ളം കയറി നാശം സംഭവിക്കാതിരിക്കാൻ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. വെളളപ്പൊക്ക ഭീഷണി നേരിടുന്ന വാമനപുരം നദിയോട് ചേർന്ന താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. മഴ ഇനിയും ശക്തിപ്രാപിച്ചാൽ ഈ പ്രദേശങ്ങളിൽ ഉള്ളവരെയും ക്യാമ്പുകളിലേക്ക് മാറ്റുമെന്നും ചെയർപേഴ്സൺ അറിയിച്ചു.
നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ, ജനപ്രതിനിധിയും ശിശുക്ഷേമ സമിതി സംസ്ഥാന ട്രഷററുമായ ആർ.രാജു, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ എ.അഭിനന്ദ്, സ്കൂൾ ഹെഡ്മാസ്റ്റർ ജി.ആർ.മധു, വോളന്റിയർമാർ തുടങ്ങിയവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.