‘തന്ത്രിയുടെ അറസ്റ്റ് ശ്രദ്ധതിരിക്കാന്‍’; സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘമെന്ന് രാജീവ് ചന്ദ്രശേഖര്‍

Jan 10, 2026

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് കേസില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണോയെന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘമാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

‘കേസില്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നതാണ് പ്രധാന ചോദ്യം. തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല? ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ വലിയ രാഷ്ട്രീയക്കാരുണ്ട്. സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘമാണ് പിന്നില്‍’ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സ്വര്‍ണക്കൊള്ളയില്‍ എല്‍ഡിഎഫിനും യുഡിഎഫിനുമെതിരായ സമരമെന്ന നിലയില്‍ ജനുവരി 14ന് മകരവിളക്ക് ദിവസം വീട്ടിലും നാട്ടിലും അയ്യപ്പ ജ്യോതി തെളിയിക്കും. എന്‍ഡിഎയുടെ നേതൃത്വത്തില്‍ പ്രതിഷേധത്തിന്റെ തുടക്കമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ എസ്‌ഐടി നടപടികള്‍ ദുരൂഹമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും ആരോപിച്ചു. അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമമെന്ന് പരാതി തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണ് ഈ അറസ്റ്റ് എന്ന് സംശയിക്കപ്പെടുന്നു. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പറയുന്ന കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിട്ടും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണ്. ഗൂഢാലോചനയുടെ കേന്ദ്രസ്ഥാനത്ത് ഇരുന്ന വ്യക്തിയാണ് കടകംപള്ളിയെന്നും പ്രതികളുമായി അദ്ദേഹത്തിന് വ്യക്തിപരവും സാമ്പത്തികവുമായ ഇടപാടുകളുണ്ടെന്നും ആരോപണമുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി കടകംപള്ളി സുരേന്ദ്രന്റെയും പിഎസ് പ്രശാന്തിന്റെയും പേര് പറഞ്ഞു. തന്ത്രിക്ക് ഭണ്ഡാരം സൂക്ഷിക്കാന്‍ അധികാരമില്ല. കൊള്ള നടന്നതിന്റെ ഉത്തരവാദി ദേവസ്വം ബോര്‍ഡാണ്. ആചാരം ലംഘിച്ചതിന് ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

cake tower new
LATEST NEWS