പാലക്കാട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് എസ്.ബി. രാജു രാജി പ്രഖ്യാപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രാജി വിവരം പുറത്തുവിട്ടത്. എസ്.ബി. രാജു ഒഴിഞ്ഞ ഒഴിവിലേക്ക് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും പല്ലശന ഡിവിഷനിൽ നിന്നുള്ള അംഗവുമായ വി. പൊന്നുകുട്ടൻ പുതിയ പ്രസിഡന്റായി ചുമതലയേൽക്കും. ഒരു വർഷത്തിനിടെ ഇത് മൂന്നാമത്തെ ആളാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുന്നത് എന്നത് ശ്രദ്ധേയമാണ്.
ആദ്യം ടി.എം. ശശിയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. എന്നാൽ ടി.എം. ശശി ആലത്തൂർ എം.എൽ.എ. ആയതിനെത്തുടർന്നാണ് എസ്.ബി. രാജു പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗമാണ് എസ്.ബി. രാജു. പല്ലശനയിൽ നിന്ന് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് വി. പൊന്നുകുട്ടൻ ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
‘ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന ഉത്തരവാദിത്വത്തിൽനിന്ന് ഇന്ന് ഒഴിവാവുകയാണ്’ – എസ്.ബി. രാജു ഫേസ്ബുക്കിൽ കുറിച്ചു. അധികാരവും പദവിയും ജനസേവനത്തിനുള്ള ഉത്തരവാദിത്വമാണെന്ന വിശ്വാസത്തോടെയാണ് ഈ കാലയളവിൽ പ്രവർത്തിക്കാൻ ശ്രമിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കാലയളവ് ചെറുതായിരുന്നെങ്കിലും സാധാരണ മനുഷ്യരുടെ ജീവിതത്തെ സ്പർശിക്കുന്ന ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, ദുർബല ജനവിഭാഗങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങളിൽ ഇടപെടാനും ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കാനും പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



















