തിരുവനന്തപുരം: സര്‍ക്കാരിനെതിരെ സമരം കടുപ്പിക്കാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്. മന്ത്രിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. നിരാഹാര സമരമിരിക്കുന്ന എം ജയകൃഷ്ണനാണ് തല മുണ്ഡനം ചെയ്യുക. നിലവില്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരം 138 ആം ദിവസത്തിലാണ്.
അധ്യാപക- വിദ്യാര്‍ഥി അനുപാതം 1:25 ആക്കണമെന്ന ആവശ്യം മന്ത്രിസഭ അംഗീകരിക്കാത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ ആരോപണം. അനുപാതം കുറയ്ക്കുകയെന്ന ആവശ്യം പരിഗണിക്കാതെ പിന്നോട്ടില്ലെന്നാണ് സമരസമിതിയുടെ നിലപാട്. അനുപാതം കുറയ്ക്കാന്‍ കഴിയില്ലെങ്കില്‍ ബദല്‍ മാര്‍ഗ്ഗം സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിയണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. നിരാഹാരം ഇരിക്കുന്ന വളര്‍മതി നിലവില്‍ ആശുപത്രിയില്‍ നിന്ന് സമരപ്പന്തലിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
ഒരാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കുമെന്നാണ് മന്ത്രി ഉറപ്പ് നല്‍കിയിരുന്നതെന്നും എന്നാല്‍ റിട്ടയര്‍മെന്റ് ഒഴിവുകള്‍ നല്‍കാമെന്ന ഫോര്‍മുലയാണ് മുന്നോട്ടുവച്ചതെന്നും സമരക്കാര്‍ ആരോപിച്ചു. പ്രശ്ന പരിഹാരത്തിന് ഒരാഴ്ച സമയം തേടിയത് സര്‍ക്കാരിന്റെ ഗൂഢ നീക്കമാണെന്നും പ്രശ്നം ബോധപൂര്‍വം നീട്ടികൊണ്ടുപോകുകയാണെന്നും സമരക്കാര്‍ പറയുന്നു.



















