മഞ്ഞുമ്മൽ ബോയ്സിലെ വിയർപ്പു തുന്നിയിട്ട കുപ്പായത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയിരിക്കുകയാണ് റാപ്പർ വേടൻ (ഹിരൺദാസ് മുരളി). പുരസ്കാരം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് വേടൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. “പടത്തിന്റെ ചർച്ചകൾക്കിടെ എന്താണ് വേണ്ടതെന്ന് ചിദംബരം പറഞ്ഞിരുന്നു. അതാണ് ഞാൻ കൊടുത്തത്. കേൾക്കുന്നവർ ഏറ്റെടുത്തതു കൊണ്ട് അത് ഹിറ്റായി. സന്തോഷം. എന്റെ കൂടെ നിന്ന എല്ലാവർക്കും എന്റെ സുഹൃത്തുക്കൾക്കും എനിക്ക് വേണ്ടി പ്രാർഥിച്ചവർക്കും ഈ പുരസ്കാരം സമർപ്പിക്കുന്നു. എല്ലാവരും സന്തോഷത്തിലാണ്”. – വേടൻ പ്രതികരിച്ചു.
2024 ലാണ് മഞ്ഞുമ്മൽ ബോയ്സ് പുറത്തിറങ്ങുന്നത്. മികച്ച സിനിമയും മഞ്ഞുമ്മൽ ബോയ്സ് ആണ്. സുഷിൻ ശ്യാം ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സൗബിൻ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നു. അതേസമയം ഭ്രമയുഗത്തിലെ അഭിനയത്തിലൂടെ നടൻ മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തു. മികച്ച നടിയായി ഷംല ഹംസയെയും തിരഞ്ഞെടുത്തു. മന്ത്രി സജി ചെറിയാനാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്.
![]()
![]()

















