സംസ്ഥാനത്ത് 3,872 റേഷന്‍ കടകള്‍ പൂട്ടണം

Mar 12, 2025

കൊച്ചി: സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദേശിച്ച്, ന്യായ വില ഷോപ്പ് (എഫ്പിഎസ്) ഡീലര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേരള സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ദ്ധ സമിതി. റേഷന്‍ കടകളുടെ എണ്ണം 13,872 ല്‍ നിന്ന് 10,000 ആയി കുറയ്ക്കാനും മുന്‍ഗണനേതര വിഭാഗത്തിന് (സബ്‌സിഡി) നല്‍കുന്ന അരിയുടെയും പഞ്ചസാരയുടെയും ചില്ലറ വില്‍പ്പന വില വര്‍ദ്ധിപ്പിക്കാനും പുതിയ റേഷന്‍ കടകള്‍ തുറക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്തു. പൊതുവിഭാഗത്തില്‍ നീല കാര്‍ഡുടമകളാണ് മുന്‍ഗണനേതര വിഭാഗം (സബ്‌സിഡി) എന്നതില്‍ വരുന്നത്.

2024 അവസാനത്തോടെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിന് സമര്‍പ്പിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് ഇതുവരെ ചര്‍ച്ച ചെയ്യുകയോ ശുപാര്‍ശയിന്മേല്‍ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. എന്നിരുന്നാലും 2018 മുതല്‍ മാറ്റമില്ലാതെ തുടരുന്ന റേഷന്‍ വ്യാപാരികളുടെ വേതന വ്യവസ്ഥയില്‍ സമയബന്ധിതമായ പരിഷ്‌കരണം വേണമെന്ന ആവശ്യത്തെ റിപ്പോര്‍ട്ട് പിന്താങ്ങുന്നു.

സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം നേടുന്നതിനായി വേതനം വര്‍ദ്ധിപ്പിക്കുന്നത് സുസ്ഥിരമായ ഒരു പരിഹാരമല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഭാവിയില്‍ ഇത് ഒരു വലിയ പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. പകരം, ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പരമ്പരാഗത ന്യായ വില ഷോപ്പുകള്‍ നവീകരിക്കാന്‍ ലക്ഷ്യമിടുന്ന കെ-സ്റ്റോര്‍ പദ്ധതിയിലൂടെ റേഷന്‍ കടകള്‍ വൈവിധ്യവല്‍ക്കരിക്കാനും കൂടുതല്‍ സേവനങ്ങള്‍ നല്‍കാനും സമിതി നിര്‍ദ്ദേശിക്കുന്നു.

പൊതുവിഭാഗം സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട കാര്‍ഡിലെ(നീലകാര്‍ഡ്) അരിയുടെ ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 4 രൂപയില്‍ നിന്ന് 6 രൂപ വരെയാക്കിയും പൊതുവിഭാഗം നോണ്‍ സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട ( വെള്ള കാര്‍ഡ്) കാര്‍ഡിലെ അരിയുടെ ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 10.90 രൂപയില്‍ നിന്നും വര്‍ദ്ധിപ്പിച്ചും സര്‍ക്കാരിന് റേഷന്‍ ഡീലര്‍മാരുടെ കമ്മീഷന്‍ ഉയര്‍ത്താന്‍ കഴിയുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

പരമാവധി 800 കാര്‍ഡുകള്‍ മാത്രം അനുവദിച്ച് ഓരോ റേഷന്‍ കടയെയും യുക്തിസഹമാക്കുക എന്നതാണ് മറ്റൊരു പ്രധാന ശുപാര്‍ശ. 15 ക്വിന്റലില്‍ താഴെ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന 85 കടകളുടെ പ്രായോഗികത പരിശോധിക്കാനും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2024 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് കേരളത്തില്‍ ആകെ 94,31,027 റേഷന്‍ കാര്‍ഡുകളും 13,872 റേഷന്‍ കടകളുമാണ് ഉണ്ടായിരുന്നത്.

സര്‍ക്കാര്‍ കമ്മീഷനുകളുടെ അപര്യാപ്തത, വൈകിയുള്ള പണമടയ്ക്കല്‍ , വേതനത്തിന്റെയും വാടകയുടെയും വര്‍ധന എന്നിവ കാരണം സമീപകാലത്ത് 150 ലധികം കടകള്‍ അടച്ചുപൂട്ടിയതായി കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍ ഷിജീര്‍ പറഞ്ഞു. പോര്‍ട്ടബിലിറ്റി പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി. ഇത് ഡീലര്‍മാര്‍ക്ക് ചെലവുകള്‍ വഹിക്കുന്നത് വെല്ലുവിളിയാക്കി. പല ഡീലര്‍മാരും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുകയാണ്. കൂടാതെ അവര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ നിരവധി റേഷന്‍ കട ഉടമകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ന്യായ വില ഷോപ്പുകള്‍ക്കുള്ള നിലവിലെ കമ്മീഷന്‍ ഘടന 2018 ല്‍ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ-പിഒഎസ്) മെഷീനുകള്‍ അവതരിപ്പിച്ചപ്പോള്‍ രൂപീകരിച്ചതാണ്. അതിനുശേഷം കമ്മീഷന്‍ ഘടന മാറ്റമില്ലാതെ തുടരുന്നു. നിലവിലുള്ള ഘടന 45 ക്വിന്റല്‍ ഭക്ഷ്യധാന്യം വില്‍ക്കുന്നതിന് പ്രതിമാസം 18,000 രൂപ കമ്മീഷന്‍ ഉറപ്പാക്കുന്നു. ഇതില്‍ 8500 രൂപ സര്‍ക്കാര്‍ സഹായമാണ്. ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ ഉണ്ടായിരുന്നിട്ടും, കഴിഞ്ഞ ആറ് വര്‍ഷമായി കമ്മീഷന്‍ ഘടന പരിഷ്‌കരിച്ചിട്ടില്ല. 45 ക്വിന്റലിന് മുകളില്‍ വില്‍ക്കുന്ന കടകള്‍ക്ക്, ഓരോ ക്വിന്റലിനും 180 രൂപയാണ് അധികമായി ലഭിക്കുന്നത്. 2,000 ല്‍ കൂടുതല്‍ റേഷന്‍ കാര്‍ഡുകളുള്ള ചില കടകള്‍ വയനാട്ടിലും മലപ്പുറത്തും ഉണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം ന്യായവില ഷോപ്പുകളിലും ശരാശരി 200 മുതല്‍ 300 വരെ കാര്‍ഡുകളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ അംഗീകൃത റേഷന്‍ ഡീലര്‍മാര്‍

ന്യായവില കടകളുടെ ആകെ എണ്ണം – 13,872

10,000 രൂപയില്‍ താഴെ കമ്മീഷനുള്ള ഡീലര്‍മാര്‍ – 146

10,000 മുതല്‍ 15,000 വരെ കമ്മീഷന്‍ ലഭിക്കുന്ന ഡീലര്‍മാര്‍ – 827

15,000 മുതല്‍ 18,000 വരെ കമ്മീഷന്‍ ലഭിക്കുന്ന ഡീലര്‍മാര്‍ – 1,186

18,000ന് മുകളില്‍ കമ്മീഷന്‍ ലഭിക്കുന്ന ഡീലര്‍മാര്‍- 11,713

2013 ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം, റേഷന്‍ വേതന പരിഷ്‌കരണം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ച വകുപ്പുതല സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്.

LATEST NEWS
കയ്യേറ്റക്കാരെ കേസിൽ കക്ഷി ചേർക്കും; പരുന്തുംപാറയിൽ നിർമാണ പ്രവർത്തനങ്ങൾ പാടില്ല, ഹൈക്കോടതി

കയ്യേറ്റക്കാരെ കേസിൽ കക്ഷി ചേർക്കും; പരുന്തുംപാറയിൽ നിർമാണ പ്രവർത്തനങ്ങൾ പാടില്ല, ഹൈക്കോടതി

കൊച്ചി: ഇടുക്കി പരുന്തുംപാറയിൽ യാതൊരുവിധ നിർമാണ പ്രവർത്തനവും അനുവദിക്കരുതെന്ന് ഹൈക്കോടതി. നിർമാണ...