കനത്ത മഴ; സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

Oct 16, 2021

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കന്‍-മദ്ധ്യ ജില്ലകളില്‍ ഇതിനോടകം ശക്തമായ മഴ വൈകുന്നേരത്തോടെ വടക്കന്‍ ജില്ലകളിലും കനക്കുമെന്നാണ് മുന്നറിയിപ്പ്.

വെള്ളിയാഴ്ച രാത്രി തുടങ്ങിയ കനത്ത മഴ തെക്കന്‍ ജില്ലകളില്‍ ഇപ്പോഴും തുടരുകയാണ്. വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും ആശങ്ക സൃഷ്ടിക്കുന്ന ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.

കോട്ടയം കാഞ്ഞിരപ്പള്ളി 26-ാംമൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി മുണ്ടക്കയം ഭാഗത്തേക്കുള്ള യാത്ര നിരോധിച്ചു. തൃശൂല്‍ ചാലക്കുടിയില്‍ ലഘുമേഘ വിസ്‌ഫോടനം ഉണ്ടായി. തൃശൂര്‍ ജില്ലയിലെ മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചിരിക്കുകയാണ്. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്താണ് നിര്‍ദേശം.

എറണാകുളത്തിന്റെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മൂവാറ്റുപുഴ നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മലയോര മേഖലകളിലേക്കുള്ള യാത്രയ്ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊല്ലം അഞ്ചല്‍ ആയൂര്‍ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. കുളത്തുപ്പൂഴ, വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. കോളനിയിലേക്കുള്ള പാലം വെള്ളത്തില്‍ മുങ്ങി. കല്ലുവെട്ടാം കുഴി സര്‍ക്കാര്‍ സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്.

കോട്ടയം കുട്ടിക്കല്‍ വില്ലേജില്‍ ഇളംകോട് ഭാഗത്ത് ഉരുള്‍പൊട്ടി, മര്‍ഫി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. മുണ്ടക്കയം കുട്ടിക്കലില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ നടപടി തുടങ്ങി. മീനിച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് വേഗത്തില്‍ ഉയരുകയാണ്. തീക്കോയി ഭാഗത്ത് ജലനിരപ്പ് ഉയര്‍ന്നു.

പത്തനംതിട്ടയില്‍ കഴിഞ്ഞ മൂന്ന് മണിക്കൂറില്‍ കനത്ത മഴയാണ് പെയ്തത്. 70 മി.മീറ്റര്‍ മഴ ജില്ലയില്‍ ലഭിച്ചു. നിലവില്‍ മഴക്ക് കുറവുണ്ട്. പമ്പയിലും അച്ചന്‍കോവിലിലും മണിമലയിലിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അച്ചന്‍കോവില്‍ ആറ്റിലാണ് ഏറ്റവും കൂടുതല്‍ ജലനിരപ്പുള്ളത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പമ്പ സ്നാനം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇടുക്കില്‍ ജില്ലയില്‍ ശക്തമായ മഴയും ഉരുള്‍ പൊട്ടല്‍ ഭീഷണി ഉള്ളതിനാലും , മരങ്ങള്‍ ഒടിഞ്ഞു വീഴാന്‍ സാധ്യത ഉള്ളതിനാലും തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തി വയ്ക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ് ഓപ്പറേഷന്‍, ബോട്ടിംഗ് എന്നിവ അടിയന്തിരമായി ജില്ലയില്‍ നിര്‍ത്തിവയ്ക്കണം.

തോട്ടം മേഖലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് മരങ്ങളും മറ്റും ഒടിഞ്ഞുവീഴുന്നതിന് സാധ്യത നിലനില്‍ക്കുന്നതിനാല്‍ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നതും നിര്‍ത്തി വയ്ക്കണം.
ജില്ലയില്‍ നിലവിലുണ്ടായിരുന്ന രാത്രികാല യാത്രാ നിരോധനം ഒക്ടോബര്‍ 20 വരെ നീട്ടിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

LATEST NEWS