ഡല്‍ഹി: കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും നല്‍കുന്ന പോഷകാഹാരവുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം. ഈ വിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ക്ക് നല്‍കുന്ന പോഷകാഹാരത്തില്‍ പഞ്ചസാര (സംസ്‌കരിച്ച പഞ്ചസാര) , കൊഴുപ്പും ഉപ്പും പഞ്ചസാരയും കൂടുതലുള്ള ഭക്ഷണങ്ങള്‍, പ്രിസര്‍വേറ്റീവുകള്‍, നിറങ്ങള്‍, വേറിട്ട രുചികള്‍ എന്നിവ ഉപയോഗിക്കരുതെന്ന് കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും അംഗന്‍വാടികള്‍ വഴി നല്‍കുന്ന പോഷകാഹാര കിറ്റുകളിലും മൂന്ന് മുതല്‍ ആറു വയസ് വരെയുള്ള കുട്ടികള്‍ക്ക് അംഗന്‍വാടികളില്‍ നല്‍കുന്ന ഭക്ഷണത്തിലും ഉയര്‍ന്ന അളവില്‍ പഞ്ചസാര, ഉപ്പ്, മറ്റ് വസ്തുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് വനിതാ-ശിശു വികസന മന്ത്രാലയം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത്തരത്തില്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ പഞ്ചസാര ഉപയോഗിക്കുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണം. ആവശ്യമെങ്കില്‍ മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര മാത്രം ഉപയോഗിക്കാവുന്നതാണെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
അമിതമായ കലോറി ശരീരത്തില്‍ എത്തുന്നത് തടയുന്നതിനായി ശര്‍ക്കരയുടെ ഉപയോഗം പരിമിതപ്പെടുത്തണം. മൊത്തം ഊര്‍ജ്ജത്തിന്റെ അഞ്ചുശതമാനത്തില്‍ താഴെയായി ശര്‍ക്കരയുടെ അളവ് പരിമിതപ്പെടുത്തണമെന്ന് വനിതാ- ശിശു വികസന ഡെപ്യൂട്ടി സെക്രട്ടറി ജ്യോതിക പറഞ്ഞു.
എല്ലാ പ്രായക്കാര്‍ക്കും നല്‍കുന്ന ഭക്ഷണത്തില്‍ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലായി അടങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കണം. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണം ഒഴിവാക്കണമെന്ന ലോകാരോഗ്യസംഘടനയുടെ നിര്‍ദേശം പാലിക്കണം. ഉപ്പിന്റെ ഉപയോഗവും പരിമിതപ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.