തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ ആണ് രജനികാന്ത്. ഇന്നും തലൈവരുടെ സ്വാഗിനും സ്റ്റൈലിനുമൊന്നും പകരം വയ്ക്കാൻ മറ്റൊരു നടൻ ഇല്ല. കെ ബാലചന്ദർ സംവിധാനം ചെയ്ത് 1975 ഓഗസ്റ്റ് 15 ന് റിലീസ് ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു സ്റ്റൈൽ മന്നന്റെ സിനിമ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് രജനിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ദളപതി, അണ്ണാമലൈ, ബാഷ, പടയപ്പ, ചന്ദ്രമുഖി, എന്തിരൻ, ജയിലർ, വേട്ടയ്യൻ തുടങ്ങി എണ്ണിയാൽ തീരാത്തത്ര ഹിറ്റുകളിലൂടെ രജനികാന്ത് തമിഴകത്ത് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ചു. തന്റെ ട്രേഡ്‌മാർക്ക് അഭിനയരീതികൾ കൊണ്ടും സ്റ്റൈലിഷ് സ്റ്റേറ്റ്‌മെന്റും കൊണ്ടും രജനികാന്ത് സിനിമാ പ്രേക്ഷകരെ അമ്പരപ്പിക്കാൻ തുടങ്ങിയിട്ട് 50 വർഷം തികയുകയാണ്.
സിനിമയിലെ രജനികാന്തിന്റെ 50 വർഷങ്ങൾ ആഘോഷമാക്കുകയാണ് ആരാധകരും. രജനികാന്തിനോടുള്ള ആരാധനയുടെ ഭാഗമായി തമിഴ്നാട്ടിൽ അദ്ദേഹത്തിന്റെ പേരിൽ ക്ഷേത്രം പോലും നിർമിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ ക്ഷേത്രത്തിൽ നിന്നുള്ള ഒരു വിശേഷമാണ് പുറത്തുവന്നിരിക്കുന്നത്. മധുരയിലെ രജനികാന്തിന്റെ പേരിലുള്ള ക്ഷേത്രമായ അരുൾമിഗു ശ്രീ രജനി ക്ഷേത്രത്തിൽ അദ്ദേഹത്തിന്റെ 5,500-ലധികം ഫോട്ടോഗ്രാഫുകൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് കാർത്തിക് എന്ന ആരാധകൻ.
രജനികാന്തിന്റെ സിനിമകളിൽ നിന്നുള്ള ഫോട്ടോകളും ഇവിടെ കാണാം. വർഷങ്ങൾക്ക് മുൻപ് നിർമിച്ച ഈ ക്ഷേത്രത്തിൽ 300 കിലോഗ്രാം ഭാരം വരുന്ന രജനികാന്തിന്റെ ഒരു വിഗ്രഹവുമുണ്ട്. രജനികാന്തിന്റെ അഭിനയത്തിലെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, നടനെ ദൈവമായി കണ്ടാണ് കാർത്തിക്കും കുടുംബവും വ്യാഴാഴ്ച ക്ഷേത്രത്തിൽ പ്രത്യേക ആചാരങ്ങളും ആഘോഷങ്ങളും നടത്തിയത്. അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറിൽ സൂപ്പർ ഹിറ്റുകളായ ഒട്ടേറെ സിനിമകളാണ് അദ്ദേഹം ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി ആണ് രജനികാന്തിന്റേതായി റിലീസിനൊരുങ്ങുന്ന സിനിമ. ഈ മാസം 14 നാണ് ചിത്രം തിയറ്ററുകളിലെത്തുക. വൻ താരനിര അണിനിരക്കുന്ന കൂലിയും ബോക്സോഫീസിൽ വൻ വിജയമായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.