വെള്ളമിറങ്ങി; ആറ്റിങ്ങൽ നഗരസഭ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവരെ തിരികെ വീട്ടിലെത്തിച്ചു

Oct 18, 2021

ആറ്റിങ്ങൽ: വാമനപുരം നദി കരകവിഞ്ഞ് പട്ടണത്തിലെ ചില ജനവാസ മേഖലയിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് 2 ദിവസമായി പട്ടണത്തിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ജനങ്ങളെ തിരികെ വീട്ടിലെത്തിച്ചു. റവന്യൂ വകുപ്പും, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് ഇന്ന് രാവിലെ വെള്ളം കയറിയ പ്രദേശങ്ങൾ സന്ദർശിച്ച് ദുരന്ത ഭീതി ഒഴിവായി എന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പിൽ കഴിയുന്നവരെ തിരികെ വീട്ടിലെത്തിക്കാൻ തീരുമാനിച്ചത്.

ജീവനും സ്വത്തിനും അപായം സംഭവിച്ചിട്ടില്ല. എന്നാൽ ഏക്കറു കണക്കിനുളള കൃഷിക്ക് നാശനഷ്ട്ടം സംഭവിച്ചതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്നും അധികൃതർ അറിയിച്ചു. എംഎൽഎ ഒ.എസ്. അംബിക ഇരു ക്യാമ്പുകളും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കുന്നുവാരം, രാമച്ചംവിള സ്കൂളിൽ കഴിഞ്ഞിരുന്ന 88 പേരുടെയും ആരോഗ്യനില പരിശോധിക്കുന്നതിന്റെ ഭാഗമായി വലിയകുന്ന് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ക്യാമ്പിലെത്തി ഇവരെ പരിശോധനക്ക് വിധേയരാക്കി.

ജീവിത ശൈലി രോഗങ്ങൾളുടെ മരുന്നുകൾക്ക് പുറമെ പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനുള്ള ഔഷധങ്ങളും ഇവർക്ക് നൽകി. കൊട്ടിയോട്, മീമ്പാട്ട് പ്രദേശങ്ങളിൽ ഉള്ളവരാണ് ക്യാമ്പിൽ കഴിഞ്ഞത്. പനവേലി പറമ്പിലുള്ള ഒരു കുടുംബത്തിലെ 7 പേരും മീമ്പാട്ട് ഭാഗത്ത് ചിക്കൻപോക്സ്‌ രോഗം പിടിപെട്ട മറ്റൊരു കുടുംബത്തിലെ 4 പേരെയും കർശന നിരീക്ഷണ ഉപാധികളോടെ സുരക്ഷിതമായി വീടുകളിൽ തന്നെ സംരക്ഷിച്ചു. നഗരസഭയുടെ കീഴിൽ സംരക്ഷിക്കപ്പെട്ട ആകെ 27 കുടുംബങ്ങളിൽ നിന്നും 43 സ്ത്രീകളും, 23 പുരുഷൻമാരും, 33 കുട്ടികളും ഉൾപ്പെടുന്നു. നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ഷീജ, രമ്യ സുധീർ, ഗിരിജ ടീച്ചർ, എ.നജാം, കൗൺസിലർമാരായ ആർ.രാജു, എം.താഹിർ, എസ്.സുഖിൽ, വി.എസ്. നിതിൻ, സംഗീതറാണി, ഒ.പി.ഷീജ കുടുംബശ്രീ ചെയർപേഴ്സൺ എ.റീജ എന്നിവരുടെ നേതൃത്വത്തിൽ ഉച്ച ഭക്ഷണവും നൽകി ഇവരെ വാഹനങ്ങളിൽ സുരക്ഷിതമായി വീടുകളിലെത്തിച്ചു.

കൂടാതെ നഗരസഭാ ശുചീകരണ വിഭാഗം സ്കൂളും പരിസരവും അണുവിമുക്തമാക്കി. സന്നദ്ധ പ്രവർത്തകരുടെ സ്വയരക്ഷ വെടിഞ്ഞുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നഗര ഭരണകൂടത്തിന് ഏറെ ഗുണം ചെയ്തെന്നും ചെയർപേഴ്സൺ അറിയിച്ചു.

LATEST NEWS
നട തുറന്നിരിക്കെ ക്ഷേത്രത്തില്‍ കയറി പൂജാരിയെ ബലമായി കസ്റ്റഡിയിലെടുത്തതായി പരാതി

നട തുറന്നിരിക്കെ ക്ഷേത്രത്തില്‍ കയറി പൂജാരിയെ ബലമായി കസ്റ്റഡിയിലെടുത്തതായി പരാതി

തിരുവനന്തപുരത്ത് നട തുറന്നിരിക്കെ ക്ഷേത്രത്തില്‍ കയറി പൂജാരിയെ ബലമായി കസ്റ്റഡിയിലെടുത്തതായി പരാതി....