രഞ്ജി ട്രോഫി: കേരളത്തിന് വൻ തകർച്ച; ബംഗാളിന് 287 റൺസിന്റെ തകർപ്പൻ ജയം

Oct 29, 2026

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബംഗാളിന് മുന്നിൽ സമ്പൂർണ്ണമായി കീഴടങ്ങി ആതിഥേയരായ കേരളം. അവസാന ദിനം ബാറ്റിങ് തുടർന്ന കേരളത്തെ രണ്ടാം ഇന്നിങ്സിൽ വെറും 120 റൺസിന് ചുരുട്ടിക്കെട്ടിയ ബംഗാൾ 287 റൺസിന്റെ പടുകൂറ്റൻ ജയം സ്വന്തമാക്കി. ഒന്നാം ഇന്നിങ്സിലെ ബാറ്റിങ് പരാജയത്തിന് പിന്നാലെ രണ്ടാം ഇന്നിങ്സിലും മുൻനിരയും മധ്യനിരയും ഒരുപോലെ തകർന്നടിഞ്ഞതാണ് കേരളത്തിന് സ്വന്തം തട്ടകത്തിൽ നാണംകെട്ട തോൽവി സമ്മാനിച്ചത്.

നാല് വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന അതീവ പരുങ്ങലിലായ നിലയിലാണ് കേരളം മത്സരത്തിന്റെ അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ചത്. എന്നാൽ തലേദിവസത്തെ സ്കോറായ 19 റൺസിൽ നിൽക്കെ തന്നെ ക്യാപ്റ്റൻ വിഷ്ണു വിനോദിന്റെ വിക്കറ്റ് നഷ്ടമായതോടെ കേരളത്തിന്റെ പതനം വേഗത്തിലായി. ഒരു റൺസ് മാത്രമെടുത്ത സൽമാൻ നിസാറും അധികം വൈകാതെ കൂടാരം കയറി.

വാലറ്റത്ത് 33 റൺസെടുത്ത എം.ഡി. നിധീഷ് മാത്രമാണ് ബംഗാൾ ബൗളർമാർക്കെതിരെ അല്പമെങ്കിലും ചെറുത്തുനിൽപ്പ് നടത്തിയത്. എന്നാൽ അതൊന്നും വലിയൊരു പരാജയത്തിൽനിന്ന് കേരളത്തെ രക്ഷിക്കാൻ പര്യാപ്തമായിരുന്നില്ല. ഒന്നാം ഇന്നിങ്സിൽ നാല് വിക്കറ്റുകളുമായി കേരള ബാറ്റിങ് നിരയെ തകർത്ത ഇടംകൈയൻ സ്പിന്നർ പ്രദീപ്ത പ്രമാണിക് രണ്ടാം ഇന്നിങ്സിലും ആറ് വിക്കറ്റുകൾ വീഴ്ത്തി കേരളത്തിന്റെ ചീട്ടുകൊട്ടാരം തകർത്തു.

മുൻനിരയെയും വാലറ്റത്തെയും എറിഞ്ഞിട്ട് മുഹമ്മദ് ഷമിയും മികച്ച പിന്തുണ നൽകി. വൈശാഖ് ചന്ദ്രനെയും ആദിത്യ സർവാതെയെയും മടക്കി അയച്ച ഷമി മത്സരത്തിലുടനീളം തകർപ്പൻ ഫോം നിലനിർത്തി. ജയിക്കാൻ 408 റൺസ് എന്ന കൂറ്റൻ ലക്ഷ്യവുമായി നാലാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് ബംഗാളിന്റെ കൃത്യതയാർന്ന ബൗളിംഗിന് മുന്നിൽ യാതൊരു മറുപടിയും ഉണ്ടായിരുന്നില്ല. ഒന്നാം ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും ഒരുപോലെ ബാറ്റിങ് നിര പരാജയപ്പെട്ടത് കേരളത്തിന് വരും മത്സരങ്ങളിൽ വലിയ തലവേദനയായി മാറും.

LATEST NEWS
‘ഉർവശിയുടെ കൂടെ അഭിനയിക്കാൻ എനിക്ക് പേടിയാണ്; പിന്നെ നമ്മളെവിടെയാണെന്ന് ഫ്രെയിമിൽ തിരയേണ്ടി വരും’

‘ഉർവശിയുടെ കൂടെ അഭിനയിക്കാൻ എനിക്ക് പേടിയാണ്; പിന്നെ നമ്മളെവിടെയാണെന്ന് ഫ്രെയിമിൽ തിരയേണ്ടി വരും’

നയൻതാര നായികയായെത്തുന്ന 'മൂക്കുത്തി അമ്മൻ 2' റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൽ ഉർവശിയും ഖുശ്ബുവും...