തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയ ക്യാച്ചില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് വ്യത്യസ്ത ബോധവത്കരണവുമായി കേരള പൊലീസ്. ബാറ്റര്‍ക്ക് തൊട്ടുമുന്നില്‍ ഫീല്‍ഡ് ചെയ്ത കേരളത്തിന്റെ സല്‍മാന്‍ നിസാര്‍ ധരിച്ച ഹെല്‍മറ്റില്‍ തട്ടി പന്ത് അടുത്ത ഫീല്‍ഡര്‍ പിടിച്ചതോടെയാണ് കേരളം അപ്രതീക്ഷിത വിജയം നേടിയത്. ഇതില്‍ ഹെല്‍മറ്റില്‍ തട്ടി പന്തുയര്‍ന്ന വിഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് കൊണ്ടാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.
‘കളിയും ജീവനും സേവ് ചെയ്യും ഹെല്‍മറ്റ്, ഫീല്‍ഡിലായാലും റോഡിലായാലും ഹെല്‍മറ്റ് നിര്‍ബന്ധം’ എന്ന കുറിപ്പോടെയാണ് മുന്നറിയിപ്പ് വിഡിയോ നല്‍കിയത്. റോഡില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കാനാണ് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായകമായ ഈ ഔട്ടിന്റെ വിഡിയോ കേരള പൊലീസ് പങ്കുവെച്ചത്.