വർക്കലയിൽ റിസോർട്ട് ജീവനക്കാരനെ അഞ്ച് അംഗസംഘം മാരകമായി ആക്രമിച്ചു കടലിൽ തള്ളി. ഇടുക്കി രാജാക്കാട് സ്വദേശിയായ അമൽ (22) ആണ് ഗുരുതരമായ പരിക്കുകളോടെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്നലെ രാത്രി 9 മണിയോടു കൂടി അക്രമിസംഘം റിസോർട്ടിന് സമീപത്ത് എത്തി ബഹളം വയ്ക്കുകയും, അസഭ്യം വിളിക്കുകയും തുടർന്ന് അമൽ എന്താണ് സംഭവം എന്ന് അന്വേഷിക്കാൻ എത്തിയപ്പോഴാണ് ജീവനക്കാരനായ അമലിനെ ആക്രമിച്ചത്. റിസോർട്ടിന്റെ സമീപത്തുനിന്നും വലിച്ചിഴച്ച് കടൽത്തീരത്ത് കൊണ്ടുപോയിയായിരുന്നു ആക്രമണം. ബിയർ കുപ്പികൾ ഉപയോഗിച്ച് തലയ്ക്കും ദേഹത്തും അടിച്ചു മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു.
തലപൊട്ടി രക്തം വാർന്നു കിടന്ന അമലിനെ കടൽതീരത്ത് മണലിൽ പുതപ്പിച്ച ശേഷമാണ് അക്രമികൾ പിരിഞ്ഞുപോയത്. അക്രമികളിൽ ഒരാൾ ഇതേ റിസോർട്ടിലെ മുൻജീവനക്കാരനായിരുന്നു. ബോധരഹിതനായി മണലിൽ പുതഞ്ഞു കിടന്ന അമലിനെ നാട്ടുകാരാണ് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ വർക്കല പോലീസ് അക്രമികളിൽ ഒരാളിനെ കസ്റ്റഡിയിലെടുത്തു.


















