ചെന്നൈ ഐപിഎല്‍ ടീം മാറ്റ ചര്‍ച്ചകള്‍ക്കിടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് രവിചന്ദ്രന്‍ അശ്വിന്‍. ഐപിഎല്ലില്‍ നിന്നും വിരമിച്ചെങ്കിലും മറ്റ് ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാനുള്ള സാധ്യത അന്വേഷിക്കുമെന്ന് അശ്വിന്‍ പോസ്റ്റില്‍ സൂചിപ്പിച്ചു. ഐപിഎല്ലില്‍ അവസരം നല്‍കിയ ടീമുകള്‍ക്കും ബിസിസിഐക്കും നന്ദി പറഞ്ഞാണ് അശ്വിന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
2009ല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടിയാണ് അശ്വിന്‍ അരങ്ങേറിയത്. ചെന്നൈ കുപ്പായത്തില്‍ അവസാന മത്സരവും കളിച്ചാണ് വിരമിക്കുന്നത്. ഐപിഎല്ലില്‍ 221 മത്സരങ്ങള്‍ കളിച്ച അശ്വിന്‍ 187 വിക്കറ്റുകളും 833 റണ്‍സും നേടിയെടുത്തു. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്ന് 2015ല്‍ പഞ്ചാബ് കിംഗ്‌സ് നായകനായി പോയ അശ്വിന്‍ 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും 2021 മുതല്‍ 2024വരെ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയും കളിച്ചു.