ആറ്റിങ്ങൽ: ബിഡിഎസ് രണ്ടാംവർഷ വിദ്യാർഥിനിയായ ആറ്റിങ്ങൽ താഴെയിളമ്പ സ്വദേശിനി അക്ഷയയെ ആറ്റിങ്ങൽ പള്ളിയറ ക്ഷേത്രത്തിലെ ഉത്സവത്തിന് പഞ്ചായത്തിൻറെ നേതൃത്വത്തിൽ ആദരിച്ചു. കൂട്ടുകാരനെ ഗുണാകേവിൽനിന്ന് രക്ഷിച്ച സുഹൃത്തുക്കളുടെ കഥപറഞ്ഞ മഞ്ഞുമ്മൽ ബോയ്സ് ഹിറ്റായതോടെ കൂട്ടുകാരനെ രക്ഷിച്ച അക്ഷയയെയും ഇപ്പോൾ നാട്ടുകാർ ഓർക്കുകയാണ്.
ഇന്നും ആ ദിവസം തെളിഞ്ഞ ഓർമയാണ് അക്ഷയയ്ക്. തോട്ടിലെ ഒഴുക്കിൽപ്പെട്ട സഹപാഠിയെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ ദിവസം. ആറാംക്ലാസിൽ പഠിക്കുമ്പോഴാണ് സംഭവം. മേയ് മാസത്തിൽ മഴപെയ്ത് നിറഞ്ഞുകിടക്കുന്ന തോടിനരികിൽക്കൂടി ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് നടക്കുകയായിരുന്നു അക്ഷയ. മറ്റൊരു ട്യൂഷൻ ക്ലാസിൽനിന്ന് വരുന്ന ഏതാനും കുട്ടികളും മുന്നിലുണ്ട്. അക്ഷയയേക്കാൾ ഒരു വയസ് കുറഞ്ഞ കുട്ടികൾ. തോട്ടുവെള്ളത്തിൽ കുട മുട്ടിച്ച് കളിച്ചുനടന്ന ഒരു വിദ്യാർഥി പെട്ടെന്ന് തെന്നി തോട്ടിൽ വീണു. നല്ല ഒഴുക്കിൽ കുട്ടി മുങ്ങിത്താണ് ഒഴുകിപ്പോകുന്നതാണ് അക്ഷയ കണ്ടത്.
പാലത്തിനടുത്തേക്ക് കുട്ടി ഒഴുകിയെത്താറായപ്പോഴേക്കും പിന്നിലേക്കോടി മറുവശത്തെത്തിയ അക്ഷയ ഒഴുക്കിൽപ്പെട്ട കുട്ടിയുടെ ബാഗിൽ പിടിച്ച് കരയിലേക്ക് വലിച്ചുകയറ്റി. 12 വയസാണ് അന്ന് അക്ഷയയ്ക്ക്. രക്ഷപ്പെട്ട കുട്ടിക്ക് പതിനൊന്നും. ആ കുട്ടി ഇപ്പോൾ എൻജിനിയറിങ് രണ്ടാംവർഷ വിദ്യാർഥിയാണ്.



















