കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ കത്തിലെ വിശദാംശങ്ങള്‍ ഇപ്പോള്‍ വാര്‍ത്തയായി പുറത്തുവന്നതിന് പിന്നില്‍ ബോധപൂര്‍വ്വം വ്യക്തിപരമായി മോശമാക്കാനുള്ള ശ്രമമെന്ന് സിപിഎം നേതാവ് പി എ മുഹമ്മദ് റിയാസ്. തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു? മെയ് 27ന് കിട്ടിയ കൈപ്പടയാണ്. ഇന്ന് വിപുലീകൃത സംസ്ഥാന കമ്മിറ്റി വിജയകരമായി പൂര്‍ത്തീകരിച്ച് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന റാലി നടക്കാന്‍ പോകുകയാണ്. ഇന്ന് ഇതിന് തെരഞ്ഞെടുത്തത് മറ്റു ഉദ്ദേശത്തോടെയെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

‘നേരത്തെ ഹവാലയുമായി എന്നെ കണക്ട് ചെയ്യാനുള്ള ശ്രമം പൊളിഞ്ഞിരുന്നു. ഇപ്പോള്‍ പുതിയ കഥ രംഗത്തിറക്കിയിരിക്കുകയാണ്. ബേപ്പൂര്‍ മണ്ഡലത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഒരു ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് ആരോപണം. നമ്മള് ബേപ്പൂര്‍ എന്നാണ് ഗ്രൂപ്പിന്റെ പേര്. ഈ ഗ്രൂപ്പ് ഹവാല ഇടപാടിന് വേണ്ടിയുള്ള ഗ്രൂപ്പ് ആണ് എന്നാണ് ഇഡി ചോര്‍ത്തി കൊടുത്ത വാര്‍ത്തയില്‍ ഉള്ളത്. നമ്മള് ബേപ്പൂരില്‍ സമസ്ത മേഖലയിലെ ജനങ്ങളും മാധ്യമപ്രവര്‍ത്തകരും ഉണ്ട്. ആ ഗ്രൂപ്പ് പരിശോധിക്കാം. ചാറ്റുകള്‍ പരിശോധിക്കാം. ഇഡിയുടെ നടപടിയെ നിയമപരമായി നേരിടും’- മുഹമ്മദ് റിയാസ് പറഞ്ഞു.
‘ചെറിയ കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ട എന്നാണ് എനിക്ക് കിട്ടിയിട്ടുള്ളൂ നിയമോപദേശം. എന്നാല്‍ ചിലത് പറയാതെ പോയാല്‍ ശരിയാവില്ല എന്ന് തോന്നി. ഹവാല പണമാണെന്ന് വീണ അഡ്മിറ്റ് ചെയ്തു എന്നാണ് പറയുന്നത്. ഇത് ശുദ്ധ അസംബന്ധമാണ്. ഫ്യൂച്ചര്‍ ബിസിനസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എഴുതിയിട്ടുള്ള കാര്യങ്ങളാണ്. എഴുതിയിട്ടുള്ള ആളുകളുമായി ചര്‍ച്ച പോലും ചെയ്തിട്ടില്ല.കള്ളപ്പണവുമായി യാതൊരു ബന്ധവുമില്ല. ബോധപൂര്‍വ്വം മോശമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആ പേരുകളിലുള്ളവരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് ചെയ്തു. അവരാരും കള്ളപ്പണമാണ് എന്ന് പറഞ്ഞിട്ടില്ല. ഫ്യൂച്ചര്‍ ബിസിനസുമായി ബന്ധപ്പെട്ട് കടലാസില്‍ എഴുതിയതാണ് റെഡ് ബുക്ക് എന്ന നിലയില്‍ അവതരിപ്പിച്ചിട്ടുള്ളത്. വീണയ്ക്ക് ഹവാല ഇടപാട് ഉണ്ട് എന്ന തരത്തില്‍ വ്യാപകമായി പ്രചാരണം നടത്തി. മൂന്ന് തവണ വീണയെ ചോദ്യം ചെയ്തു. ഈ ചോദ്യംചെയ്യലില്‍ എവിടെയും ഹവാലയുമായി ബന്ധപ്പെട്ട് ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല’- മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.





















