ആറ്റിങ്ങല്‍ നാലുവരിപ്പാതയില്‍ പലയിടത്തും കുഴികള്‍; അവസാനഘട്ട ടാറിടലും കഴിഞ്ഞ റോഡിന്റെ ഗതി ഇങ്ങനെ

Nov 5, 2021

ആറ്റിങ്ങല്‍: ഒരുമാസം മുമ്പ് അവസാനഘട്ട ടാറിടീല്‍ നടത്തിയ ആറ്റിങ്ങല്‍ നാലുവരിപ്പാതയില്‍ പലയിടത്തും കുഴികള്‍. കുടിവെള്ളക്കുഴലുകള്‍ പൊട്ടി രണ്ടിടം വെട്ടിപ്പൊളിച്ചു. തുടര്‍ച്ചയായി മഴപെയ്തതോടെ പലയിടത്തും ടാര്‍ ഇളകിപ്പൊളിഞ്ഞ് കുഴികളായി. ചിലയിടങ്ങളില്‍ ടാര്‍ ഒന്നോടെ ഉയര്‍ന്നും താഴ്ന്നും പോയി. കുഴികള്‍ വീണിടങ്ങളില്‍ കരാറുകാര്‍ ഒട്ടിപ്പ് നടത്തിയിരിക്കുകയാണിപ്പോള്‍. 20 കോടി ചെലവിട്ട് നിര്‍മ്മിച്ച 2.8 കിലോമീറ്റര്‍ റോഡിന്റെ സ്ഥിതിയാണിത്.

നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നടപ്പാക്കിയ മാതൃകാപദ്ധതിയാണ് പൂവമ്പാറ-മൂന്ന്മുക്ക് നാലുവരിപ്പാത. 2015-ലാണ് പദ്ധതിക്കായി സംസ്ഥാനസര്‍ക്കാര്‍ 22.75 കോടി രൂപ അനുവദിച്ചത്. റോഡ് നിര്‍മ്മിക്കുമ്പോള്‍ പൊളിക്കുന്ന മതിലുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ 2017-ല്‍ 2.02 കോടിരൂപകൂടി അനുവദിച്ചു. 24.12 കോടിക്ക് സാങ്കേതികാനുമതിയും 22.75 കോടിക്ക് ഭരണാനുമതിയും ലഭിച്ചു. 19.72 കോടിക്കാണ് നിര്‍മ്മാണക്കരാര്‍ നല്കിയത്. 13.8 മീറ്റര്‍ ടാറിങ് ഏരിയയും ഇരുവശവും നടപ്പാതയുമുള്‍പ്പെടെ 16 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിക്കാനായിരുന്നു പദ്ധതി.
പുറമ്പോക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഭൂമിയും ഉടമകള്‍ സൗജന്യമായി വിട്ടുനല്കിയ ഭൂമിയും ഏറ്റെടുത്തുകൊണ്ടാണ് റോഡ് വികസിപ്പിച്ചത്. ഭൂമിക്ക് നഷ്ടപരിഹാരം പദ്ധതിയിലില്ല. മൂന്ന്ഘട്ടമായാണ് റോഡ് വികസനം പൂര്‍ത്തിയാക്കിയത്. നാലുവരിപ്പാതവന്നെങ്കിലും നഗരത്തിലെ ഗതാഗതക്കുരുക്കിന് യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകാനുള്ള വാഹനങ്ങള്‍ പൂവമ്പാറമുതല്‍ കച്ചേരിനടവരെ നീണ്ടകുരുക്കില്‍പ്പെടുന്നത് സ്ഥിരംകാഴ്ചയായി മാറിയിട്ടുണ്ട്.
ആധുനികരീതിയില്‍ നിര്‍മ്മിച്ചുവെന്നവകാശപ്പെടുന്ന റോഡാണ് പൂര്‍ത്തിയായി ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നത്. റോഡ് പുനര്‍നിര്‍മ്മിച്ചപ്പോള്‍ പഴയകുടിവെള്ളക്കുഴലുകള്‍ മാറ്റിസ്ഥാപിച്ചില്ല. ഇത് നിമിത്തം പലയിടത്തും റോഡിന്റെ നടുക്ക് കുഴലുകള്‍ പൊട്ടാനിടയായി. കുഴല്‍പൊട്ടി വെള്ളം മണ്ണിലേക്കൊഴുകി ചെളിയായതോടെ റോഡ് പുതഞ്ഞ് പൊളിഞ്ഞിളകി.
പലയിടത്തും ആവശ്യത്തിന് വീതിയില്ല. മീഡിയന്‍ നിര്‍മ്മാണം അശാസ്ത്രീയമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. കച്ചേരിനടകഴിഞ്ഞാല്‍ സി.എസ്.ഐ.ജങ്ഷനിലാണ് മീഡിയന്‍ തുറന്നിട്ടുള്ളത്. ചന്തറോഡില്‍ നിന്ന് ദേശീയപാതയിലേയ്ക്ക് കയറുന്ന വാഹനങ്ങള്‍ തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകണമെങ്കില്‍ സി.എസ്.ഐ.ജങ്ഷനിലെത്തി തിരിഞ്ഞ് വരണം. ഇവിടെ ആവശ്യത്തിന് വീതിയില്ല. രണ്ടായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്വകാര്യസ്‌കൂള്‍ ഇവിടെയുണ്ട്. ഈ സ്‌കൂളിലേക്കുള്ള ബസുകള്‍ക്ക് ഇവിടെ തിരിഞ്ഞ് കയറാന്‍ പ്രയാസമാകും. ഇപ്പോള്‍ത്തന്നെ ഇവിടെ വാഹനങ്ങള്‍ തിരഞ്ഞുപോകുന്നത് റോഡിന്റെ ഇരുവശത്തും ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ട്. സ്‌കൂള്‍ബസുകള്‍ കൂടി ഓടിത്തുടങ്ങുന്നതോടെ ഇവിടെ വലിയ ഗതാഗതപ്രതിസന്ധിയുണ്ടാകും.
റോഡ് മുറിച്ച് കടക്കാനുള്ള സൗകര്യങ്ങളിടാതെയാണ് മീഡിയന്‍ നിര്‍മ്മിച്ചത്. പരാതികളുയര്‍ന്നതിനെത്തുടര്‍ന്ന് നഗരസഭയുടെ മുന്നിലും കോടതിക്ക് മുന്നിലും ഇപ്പോള്‍ വെട്ടിപ്പൊളിച്ചിട്ടുണ്ട്.
പലവ്യാപാരസ്ഥാപനങ്ങളും നടപ്പാത കൈയേറിയാണ് കച്ചവടം നടത്തുന്നത്. ഇത് നിമിത്തം തിരക്കേറിയ ഭാഗത്ത് യാത്രക്കാര്‍ റോഡിലിറങ്ങി നടന്ന്‌പോകേണ്ട അവസ്ഥയിലാണ്. ഈ വിഷയത്തില്‍ യഥാസമയം അധികൃതര്‍ ഇടപെട്ടില്ല. പിന്നീട് നോട്ടീസുമായി എത്തിയപ്പോഴേയ്ക്കും പലരും കോടതിയെസമീപിച്ച് നടപടികള്‍ക്ക് നിരോധനം സമ്പാദിച്ചതായാണ് വിവരം.
നാലുവരിപ്പാതയില്‍ നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. നടപ്പാത കൈയേറിയാണ് നാലുവരിപ്പാതയിലെ പാര്‍ക്കിങ്. ശാസ്ത്രീയസംവിധാനമുപയോഗിച്ച് പിഴയീടാക്കുമെന്നൊക്കെ അധികൃതര്‍ പറയുന്നുണ്ടെങ്കിലും വാഹനങ്ങള്‍ നിരത്തില്‍ നിന്ന് മാറ്റാത്തത് യാത്രക്കാരെ വലുതായി ബുദ്ധിമുട്ടിക്കുന്നുണ്ട്. ശാസ്ത്രീയമായ പരിശോധനകള്‍ നടത്തി റോഡില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ പദ്ധതിക്ക് ചെലവിട്ട കോടികള്‍ ഉപകാരപ്പെടാതെ പാഴായതിന് നാട് സാക്ഷിയാകേണ്ടിവരും.

LATEST NEWS
ഇനി മുതല്‍ സ്വന്തം കുടുംബ ഫോട്ടോ ഡ്രൈവറുടെ മുന്നില്‍ വെക്കണം, പുതിയ നിര്‍ദേശവുമായി യുപി ഗതാഗത വകുപ്പ്

ഇനി മുതല്‍ സ്വന്തം കുടുംബ ഫോട്ടോ ഡ്രൈവറുടെ മുന്നില്‍ വെക്കണം, പുതിയ നിര്‍ദേശവുമായി യുപി ഗതാഗത വകുപ്പ്

ലഖ്‌നൗ: റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ തന്ത്രവുമായി ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ്. എല്ലാ വാണിജ്യ...