വെമ്പായം: കന്യാകുളങ്ങരയിൽ പോലീസുകാരന്റെ വീട്ടിൽനിന്ന് പട്ടാപ്പകൽ 12 പവൻ സ്വർണവും പണവും കവർന്ന കേസിൽ മൂന്നുപേർ പോലീസ് കസ്റ്റഡിയിൽ. മോഷണം നടത്തിയ രണ്ടുപേരെയും മോഷ്ടിച്ച സ്വർണം വിൽക്കാൻ സഹായിച്ച ഒരാളെയുമാണ് പിടികൂടിയത്. കോവളത്തെ ലോഡ്ജിൽനിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
രാജാജി നഗർ സ്വദേശി കള്ളൻ കുമാർ എന്നറിയപ്പെടുന്ന കുമാർ, ചെങ്കോട്ടുകോണം സ്വദേശി ബ്രൂസ്ലി ബിജു എന്നറിയപ്പെടുന്ന ബിജു, സ്വർണം വിൽക്കാൻ സഹായിച്ച നേമം സ്വദേശി ബാറ്ററി നവാസ് എന്നറിയപ്പെടുന്ന നവാസ് എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വട്ടപ്പാറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജസ്നാദിന്റെ വീട്ടിൽ മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണാഭരണങ്ങളും 2,500 രൂപയുമാണ് നഷ്ടപ്പെട്ടത്.
രാവിലെ 8.30നും വൈകിട്ട് 3.30നും ഇടയിലായിരുന്നു മോഷണം. ജസ്നാദും അധ്യാപികയായ ഭാര്യയും ജോലിക്കും മൂന്ന് കുട്ടികൾ സ്കൂളിലേക്കും പോയ സമയത്ത് വീടിന്റെ മുൻവാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്.
വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയ ഭാര്യയും കുട്ടികളുമാണ് പൂട്ട് തകർത്ത നിലയിൽ കണ്ടത്. തുടർന്ന് ജസ്നാദിനെയും നാട്ടുകാരെയും വെഞ്ഞാറമൂട് പോലീസിനെയും വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി. വീടിനുള്ളിലെ സാധനങ്ങൾ വാരിവലിച്ചിട്ട് അലങ്കോലപ്പെടുത്തിയ നിലയിലുമായിരുന്നു. പ്രതികളെ കേന്ദ്രീകരിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.



















